കുവൈത്ത് സിറ്റി: ഇറാഖിന്റെ കുവൈത്ത് അധിനിവേശ രക്തസാക്ഷികളെ ആദരിച്ച് ആരോഗ്യമന്ത്രാലയം വാർഷിക രക്തദാന ക്യാമ്പ് നടത്താൻ തീരുമാനിച്ചു. ജൂലൈ 31 മുതൽ ആഗസ്റ്റ് രണ്ടു വരെ ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് കാമ്പയിൻ. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ രക്ഷാകർതൃത്വത്തിലാണ് പത്താമത് ക്യാമ്പ്.
ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന്റെ 35-ാം വാർഷികത്തോട് അനുബന്ധിച്ച് ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ ദേശീയ ഐക്യം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. സെൻട്രൽ ബ്ലഡ് ബാങ്കിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ കാമ്പയിൻ തുടരും.
പ്രതിരോധ മന്ത്രാലയങ്ങൾ, ആഭ്യന്തര മന്ത്രാലയങ്ങൾ, നാഷണൽ ഗാർഡ്, സിവിൽ സമൂഹം, പൊതു-സ്വകാര്യ മേഖലകൾ എന്നിവ കാമ്പയിന്റെ ഭാഗമാകും. രക്ത വിതരണം വർധിപ്പിക്കാൻ ഇത്തരം ശ്രമങ്ങൾ സഹായിക്കുമെന്ന് രക്തപ്പകർച്ച സേവന വകുപ്പ് ഡയറക്ടർ ഡോ. റീം അൽ രിദ്വാൻ പറഞ്ഞു.
രാജ്യത്ത് വാർഷിക രക്തദാനത്തിന്റെ 18 ശതമാനം സംഭാവന ചെയ്യുന്നത് രക്തദാന കാമ്പയിനുകളാണ്. കഴിഞ്ഞ വർഷം 85,028 രക്ത ബാഗുകളും 8,078 പ്ലേറ്റ്ലെറ്റ് ബാഗുകളും ശേഖരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.