കുവൈത്ത് സിറ്റി: കുറ്റവിചാരണകളുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ഒഴിവാക്കുന്നതിെൻറ ഭാഗമായി രാജിവെച്ച മന്ത്രിസഭക്ക് പകരം കുവൈത്തിൽ പുതിയ മന്ത്രിസഭ ഞായറാഴ്ച രൂപവത്കരിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച കൂടിയ മന്ത്രിസഭയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.
രാജിവെച്ച് മാസങ്ങളായിട്ടും പുതിയ മന്ത്രിസഭ നിലവിൽവരാത്തതിൽ എം.പിമാർക്കിടയിൽ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് അടുത്ത ആഴ്ച മന്ത്രിസഭ പ്രഖ്യാപനമുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിനെ കുറ്റവിചാരണ ചെയ്യുമെന്ന് എം.പി. അബ്ദുൽ കരീം അൽ കന്ദരി ഭീഷണി മുഴക്കിയത്. ഈ സാഹചര്യത്തിലാണ് അടുത്ത ആഴ്ച പുതിയ മന്ത്രിസഭ നിലവിൽവരുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
പാർലമെൻറ് കൈയേറ്റം: ശിക്ഷിക്കപ്പെട്ടവർക്ക്
െഎക്യദാർഢ്യവുമായി എം.പിമാർ
കുവൈത്ത് സിറ്റി: പ്രമാദമായ പാർലമെൻറ് കൈയേറ്റക്കേസിൽ അപ്പീൽ കോടതി തടവുശിക്ഷ വിധിച്ച മുൻ എം.പിമാരും സിറ്റിങ് എം.പിമാരുമടക്കമുള്ളവർക്ക് ഐക്യദാർഢ്യവുമായി 17 എം.പിമാർ ഒത്തുകൂടി. അൽ ഹുമൈദി അൽ സുബൈഇ, ഖാലിദ് അൽ ഉതൈബി, അബ്ദുൽ കരീം അൽ കന്ദരി, അബ്ദുല്ല ഫുഹാദ്, ഉസാമ ഷാഹീൻ, താമിർ അൽ സുവൈത്ത്, മുഹമ്മദ് ഹായിഫ്, നായിഫ് അൽ മുർദാസ്, മുഹമ്മദ് അൽ ദലാൽ, ഉമർ അൽ തബ്തബാഇ, മാജിദ് അൽ മുതൈരി, അലി അൽ ദഖ്ബാസി, മുഹമ്മദ് അൽ ഹുവൈല, മുബാറക് അൽ ഹജ്റുഫ്, അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, അസ്കർ അൽ ഇൻസി, തലാൽ അൽ ജലാൽ എന്നീ എം.പിമാരാണ് കഴിഞ്ഞ ദിവസം ഡോ. വലീദ് അൽ തബ്തബാഇ എം.പിയുടെ ഓഫിസിൽ ഒത്തുകൂടിയത്.
സുപ്രീംകോടതി വിധിയുണ്ടാകുന്നതുവരെ പ്രതികൾക്കെതിരെ ശിക്ഷ നടപ്പാക്കരുതെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിനെ കാണാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. കോടതിവിധിയെ തുടർന്ന് ഇതിനകം ചിലർ സ്വയം കീഴടങ്ങിയപ്പോൾ മറ്റു ചിലരെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ സന്ദർശിച്ച് ആശ്വാസമറിയിക്കാനും എം.പിമാർ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.