കുവൈത്ത് സിറ്റി: ഉയർന്ന താപനില കണക്കിലെടുത്ത് രാജ്യത്ത് പുറം ജോലികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം വ്യാഴാഴ്ച മുതൽ നിലവിൽവരും. രാവിലെ 11 മുതൽ വൈകീട്ട് നാലു വരെയാണ് നിയന്ത്രണം. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെയാണ് മാന്‍ പവര്‍ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. വേനൽചൂട് കണക്കിലെടുത്തു തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഈ വര്‍ഷവും ഉച്ചസമയത്ത് വിശ്രമം നിർബന്ധമാക്കിയത്.
പകൽ 11നും നാലിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കരുതെന്ന് തൊഴിൽ ഉടമകളെ അറിയിച്ചിട്ടുണ്ട്. നഷ്ടപ്പെടുന്ന ജോലിസമയം രാവിലെയും വൈകീട്ടുമായി പുനഃക്രമീകരിക്കാന്‍ അനുമതിയുണ്ട്. നിരോധിത സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യിക്കുന്നത് കുറ്റകരമാണ്. നിയമലംഘകര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. ആവർത്തിച്ചാൽ പിഴ ഈടാക്കും. വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഫയല്‍ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. നിയമപാലനം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച് നിരീക്ഷണത്തിനായി നിയോഗിക്കും.
അതേസമയം, ഈമാസം പകുതി പിന്നിട്ടതോടെ കൂടിയ താപനില ശരാശരി 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിട്ടുണ്ട്. രാത്രിയും ചൂട് അനുഭവപ്പെട്ടുതുടങ്ങി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. കഴിഞ്ഞ ജൂണിൽ ലോകത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ അഞ്ചു സ്ഥലങ്ങൾ കുവൈത്തിൽ അടയാളപ്പെടുത്തിയിരുന്നു. ഇത്തവണയും ചൂട് കനക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.