കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷമാലി, ഇന്ത്യൻ
ധനകാര്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറിയും ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് മേധാവിയുമായ ദിവാകർ നാഥ് മിശ്രയും
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും ഇന്ത്യയും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷമാലി, ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറിയും ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) മേധാവിയുമായ ദിവാകർ നാഥ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി.
ഈ വിഷയത്തിൽ കുവൈത്ത് നിയമനിർമാണവും സ്ഥാപന ചട്ടക്കൂടുകളും പരിഷ്കരിക്കുന്നതുൾപ്പെടെ നിരവധി തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ന്യൂഡൽഹിയിലെ കുവൈത്ത് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ അൽ ഷമാലി വ്യക്തമാക്കി.
ദേശീയ, അന്തർദേശീയ സാമ്പത്തിക സംവിധാനങ്ങളെ തുരങ്കംവെക്കുന്ന നിയമവിരുദ്ധ സാമ്പത്തിക ഒഴുക്ക് തടയുന്നതിനുള്ള ആഗോള ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂനിറ്റ് (കെ.എഫ്.ഐ.യു) വഴിയുള്ള ഇടപെടലും അദ്ദേഹം ആവർത്തിച്ചു. കെ.എഫ്.ഐ.യു ഇന്ത്യയും തമ്മിൽ ജൂലൈയിൽ ഒപ്പുവെച്ച ധാരണപത്രം ഇരുപക്ഷവും കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചു.
ഇത് അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങൾക്ക് കീഴിൽ സാമ്പത്തിക വിവരങ്ങൾ കൈമാറാൻ സഹായിക്കുന്നതായും വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും ചെറുക്കുന്നതിനുള്ള കുവൈത്തിന്റെ ദേശീയ ശ്രമങ്ങളെ ദിവാകർ നാഥ് മിശ്ര പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.