കുവൈത്ത് ജേണലിസ്റ്റ് അസോസിയേഷൻ സിമ്പോസിയത്തിൽ സൗദി ഇൻഫർമേഷൻ മന്ത്രി സൽമാൻ അൽ ദോസരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത്-സൗദി അറേബ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് സൗദി ഇൻഫർമേഷൻ മന്ത്രി സൽമാൻ അൽ ദോസരി. കുവൈത്ത് നാഷനൽ ലൈബ്രറിയിൽ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുവൈത്ത് ജേണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്ത്-സൗദി ബന്ധം ചരിത്രത്തിലുടനീളം ഏറ്റവും മികച്ച നിലയിലാണെന്ന് മാധ്യമ സഹകരണത്തിൽ പ്രതിഫലിക്കുന്നതായും അൽ ദോസരി പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിന് മാധ്യമ പ്രവർത്തനത്തിന്റെ പ്രാധാന്യം വലുതാണെന്നും രാഷ്ട്രീയ സഹകരണത്തിന് സമാന്തരമായി മാധ്യമ സഹകരണം എങ്ങനെ പോകുന്നു എന്നതിന് ഇത്തരം ഒത്തുചേരലുകൾ വ്യക്തമായ ചിത്രം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കൊപ്പം നിൽക്കേണ്ടതിന്റെയും അവ നൽകുന്ന അവസരങ്ങളിൽ നിന്ന് പ്രയോജനം നേടേണ്ടതിന്റെയും ആവശ്യകതയും സൗദി മന്ത്രി വ്യക്തമാക്കി. പുതിയ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും എത്താൻ പരമ്പരാഗത മാധ്യമങ്ങളെ സോഷ്യൽ മീഡിയയുമായി ലയിപ്പിക്കാൻ തന്റെ മന്ത്രാലയം ശ്രമിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രഗല്ഭരായ യുവാക്കളാണ് സൗസിയിലെ മാധ്യമ മേഖലക്ക് പ്രധാന സംഭാവന നൽകുന്നതെന്നും അവരുടെ ക്രിയാത്മകമായ ആശയങ്ങൾക്കും ഉൽപന്നങ്ങൾക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
വൈദഗ്ധ്യവും വാർത്തകളും പങ്കുവെക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കുവൈത്ത് വാർത്ത ഏജൻസിയും സൗദി പ്രസ് ഏജൻസിയും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചതായും അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് സന്ദർശനത്തിലും മുതിർന്ന മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.