കുവൈത്ത് സിറ്റി: മെഡിക്കൽ സർജറി വഴി വിരലടയാളത്തിൽ കൃത്രിമം വരുത്തിയ രണ്ടു വിദേശികൾ പിടിയിൽ. അനധികൃത വിരലടയാള ശസ്ത്രക്രിയ നടത്തി രാജ്യത്തേക്ക് കടന്നവരെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിരലടയാള പാറ്റേണുകൾ മാറ്റുന്നതിനായി വിരൽത്തുമ്പിന്റെ മുകളിലെ പാളി മുറിച്ചുമാറ്റി, ടിഷ്യുവിന്റെ ഒരു ഭാഗം നീക്കംചെയ്ത് വീണ്ടും തുന്നിക്കെട്ടിയാണ് ശസ്ത്രക്രിയ നടത്തിയത്. സൂക്ഷ്മ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കുവൈത്തില്‍ നിന്നും നേരത്തെ നാടുകടത്തപ്പെട്ടവരാണ് പ്രതികൾ. രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ വിരലിൽ ശസ്ത്രക്രിയ നടത്തി കബളിപ്പിക്കാനായിരുന്നു ശ്രമം. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പിടികൂടിയ പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. വിവിധ കേസുകളിൽ ഉൾപ്പെട്ട് നാടുകടത്തിയവർക്ക് കുവൈത്തിൽ തിരികെ പ്രവേശിക്കാനാകില്ല. ഇത്തരത്തിലുള്ളവരെ പിടികൂടാൻ വിമാനത്താവളങ്ങളിലും അതിർത്തികളിലും നേരത്തെ പരിശോധന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ബയോമെട്രിക് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് പ്രവേശിക്കുന്നവര്‍ സൂഷ്മ പരിശോധനകൾക്ക് വിധേയരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.