തീപിടിത്ത ദുരന്തത്തിൽ മരിച്ച മാത്യുവും കുടുംബവും
കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും തീപിടിത്ത ദുരന്തം. അബ്ബാസിയയിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു കുട്ടികള്‍ ഉള്‍പ്പടെ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. ആലപ്പുഴ തലവടി പഞ്ചായത്ത് ആറാംവാർഡ് നീരേറ്റുപുറം ടി.എം.സി സ്കൂളിന് സമീപം മുളയ്ക്കലിൽ മാത്യു വി. മുളയ്ക്കൽ (ജിജോ-40), ഭാര്യ ലിനി എബ്രഹാം (35), മക്കളായ ഐറിൻ (14), ഐസക് (ഒമ്പത്) എന്നിവരാണ് മരിച്ചത്.
അബ്ബാസിയ സൈഫ് ഹൗസ് വേൾഡിന് സമീപം കുടുംബം താമസിച്ച അപ്പാർട്ട്മെന്റിൽ രാത്രിയാണ് തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ടാണ് കുടുംബം നാട്ടിൽനിന്ന് അവധി കഴിഞ്ഞ് കുവൈത്തിൽ തിരിച്ചെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് മാത്യുവും കുടുംബവും നേരത്തേ ഉറങ്ങാൻ കിടന്നിരുന്നു. 9.30ഓടെ അപ്പാർട്ട്മെന്റിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടവർ ഫ്ലാറ്റിലുള്ള മുഴുവൻ പേരെയും വിവരമറിയിച്ചു.
എല്ലാവരും ഉടൻ പുറത്തിറങ്ങുകയും മാത്യുവിന്റെ വാതിലിൽ തട്ടിവിളിക്കുകയും ചെയ്തു. മാത്യു വാതിൽ തുറക്കുകയും ഉടൻ കനത്ത പുക പുറത്തേക്കൊഴുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. പുക വ്യാപിച്ചതോടെ ശ്വാസം മുട്ടി മറ്റുള്ളവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
അപ്പാർട്ട്മെന്റിൽ അകപ്പെട്ട മാത്യുവും കുടുംബവും പുക ശ്വസിച്ച് മരിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ. ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. ശനിയാഴ്ച പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.
15 വർഷമായി കുവൈത്തിലുള്ള മാത്യു റോയിട്ടേഴ്സിലെ ഐ.ടി വകുപ്പ് ജീവനക്കാരനും ലിനി എബ്രഹാം അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാണ്. കുവൈത്ത് ഭവന്‍സ് സ്കൂൾ വിദ്യാര്‍ഥികളായ ഐറിന്‍ ഒമ്പതാം ക്ലാസിലും ഐസക്ക് രണ്ടാം ക്ലാസിലുമായിരുന്നു. ഉയർന്ന താപനില തുടരുന്ന കുവൈത്തിൽ തീപിടിത്ത കേസുകളും ഉയർന്നിട്ടുണ്ട്.
ജൂൺ 12ന് പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലേയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാർ താമസിച്ച ഫ്ലാറ്റിൽ തീപടർന്ന് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചിരുന്നു. ഈ മാസം ആദ്യം ഫര്‍വാനിയയില്‍ ഫ്ലാറ്റില്‍ തീപിടിച്ച് രണ്ട് കുട്ടികളും മൂന്ന് മുതിര്‍ന്നവരും അടക്കം സിറിയൻ കുടുംബത്തിലെ അഞ്ച് പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.