കുവൈത്ത് സിറ്റി: ഓണം ആഘോഷിക്കാൻ കുവൈത്തിലെ മലയാളികൾ ഒരുങ്ങുന്നു. കോവിഡ് കാരണം രണ്ടുവർഷം കുവൈത്തിൽ ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇത്തവണ കോവിഡ് അവസാനിക്കുകയും നിയന്ത്രണങ്ങൾ നീങ്ങുകയും ചെയ്തതോടെ മലയാളി സംഘടനകൾ ആഘോഷങ്ങൾക്കായി ഒരുക്കം തുടങ്ങി. കുവൈത്തിലെ ഭൂരിപക്ഷ മലയാളി സംഘടനകളും ആഘോഷം സംഘടിപ്പിക്കുന്നുണ്ട്. സംഘടന അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും, മറ്റു സംഘടന നേതാക്കളുടെയും സംഗമവേദികൂടിയായി ഓണാഘോഷങ്ങൾ മാറാറുണ്ട്. അതിനാൽ, വലിയ താൽപര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ആളുകൾ ഇത്തരം ആഘോഷങ്ങളെ കാണുന്നത്.
സംഘടന അംഗങ്ങളുടെ കലാപരിപാടികൾ, നാട്ടിൽ നിന്നുള്ള ആർട്ടിസ്റ്റുകളെ സാന്നിധ്യം എന്നിവയും ആഘോഷങ്ങളിലുണ്ടാകും. ആഘോഷ തീയതി നിശ്ചയിച്ചതുമുതൽ അവരെ ബുക്ക് ചെയ്യാനുള്ള തിരക്കുകളിലാണ് സംഘടനാ ഭാരവാഹികൾ. സിനിമ, സീരിയൽ, ടി.വി ആർട്ടിസ്റ്റുകൾ, ഗായകർ, മിമിക്രി താരങ്ങൾ എന്നിങ്ങനെ ആഘോഷത്തിനായി കുവൈത്തിലെത്തും. ആഘോഷങ്ങൾ നടത്താനുള്ള ഹാൾ ബുക്കിങ്, ഭക്ഷണം ഒരുക്കൽ എന്നിവയെ കുറിച്ചും ചർച്ച തുടങ്ങിയിട്ടുണ്ട്. കുവൈത്തിൽ അവധി ദിവസമായ വെള്ളിയാഴ്ചകളിലാകും ആഘോഷങ്ങൾ നടക്കുക. അതിനാൽ, ഓണം വന്നുപോയി മാസങ്ങൾ കഴിഞ്ഞാലും ഇവിടെ ആഘോഷങ്ങൾ തുടരും. വിവിധ സംഘടനകളുടെ ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനങ്ങൾ നടന്നുവരുകയാണ്. രണ്ടു വർഷത്തിനുശേഷം മാസ്കില്ലാതെ ആേഘാഷത്തിന്റെ ഭാഗമാകാം എന്ന ആഹ്ലാദത്തിലാണ് മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.