പ്രളയവും മറ്റു ദുരന്തങ്ങളുമുണ്ടായ കാലത്തിൽ നാട്ടിൽ മോഷണം, അതിക്രമം, പീഡനം, കൊലപാതകം ഇവ കുറവായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും കുറ്റകൃത്യങ്ങൾ കുറഞ്ഞതായാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. കോവിഡ് സമീപകാലത്തൊന്നും നീങ്ങുകയില്ലെന്ന ബോധ്യത്തിലേക്ക് ജനം എത്തിത്തുടങ്ങുകയും കോവിഡിനൊപ്പം ജീവിക്കുകയേ മാർഗമുള്ളൂവെന്ന സ്ഥിതി സംജാതമാവുകയും ചെയ്തപ്പോൾ വീണ്ടുമിതാ ഇൗവിധ അതിക്രമങ്ങൾ തലപൊക്കിത്തുടങ്ങിയിരിക്കുന്നു. കോടികളുടെ മതിപ്പുള്ള ‘ഡിപ്ലോമാറ്റിക്’ സ്വർണക്കടത്താണ് ഇപ്പോഴത്തെ സജീവ ചർച്ചാവിഷയം. ഇൗ മഹാമാരിക്കിടയിലും ഇത്തരം ആഭാസത്തരങ്ങൾ സംഭവിക്കുന്നു എന്നതാണ് അത്ഭുതം.
വികസനം എന്ന പേരിൽ നടക്കുന്ന സംഘടിതമായ മറ്റൊരു ചൂഷണത്തെക്കുറിച്ച് ഇൗ സന്ദർഭത്തിൽ പറയാതെവയ്യ. കെ റെയിൽ എന്ന പേരിൽ കെട്ടി ആനയിക്കുന്ന അതിവേഗ റെയിൽവേയാണ് അത്. സാധാരണ ജനങ്ങളുടെ ഭൂമിയും കിടപ്പാടവും വസ്തുവകകളും നഷ്ടപ്പെടുത്തുന്ന ഇൗ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരെന്ന് വിലയിരുത്തേണ്ടതാണ്. എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തുന്ന ജനങ്ങൾക്ക് സമാധാനം നൽകാൻ സർക്കാറിനു കഴിയുമോ? ഇൗ പദ്ധതികൊണ്ട് സാധാരണ ജനങ്ങൾക്ക് വലിയ പ്രയോജനമുണ്ടാവില്ല. നിലവിലെ ഗതാഗതസൗകര്യങ്ങൾ കുറ്റമറ്റതാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനാണ് സർക്കാർ പരിഗണന നൽകേണ്ടിയിരുന്നത്. നിലവിലെ റെയിൽപാത ഇരട്ടിപ്പിക്കുകയും റോഡ് വീതികൂട്ടുകയും പൊട്ടിപ്പൊളിഞ്ഞവ റീടാറിങ് നടത്തുകയും ചെയ്യാൻ അവസരവും സാധ്യതകളും ഉണ്ടായിരിക്കെയാണ് മറ്റൊരു മെഗാ പ്രോജക്ടുമായി അധികൃതർ മുന്നോട്ടുവരുന്നത്.
നമ്മൾ വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ ഒരു തുണ്ടുപോലും പ്രളയത്തിൽ ഒലിച്ചുപോവാതെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരാണ് നാം. ആരുടെയോ ലാഭത്തിനുണ്ടാക്കിയ പദ്ധതിക്കുവേണ്ടി കുടിയൊഴിഞ്ഞ് കൊടുക്കേണ്ടവരുടെ വേദന കാണാതെ പോവരുത്. 11 ജില്ലകളിലൂടെ കടന്നുപോവുന്ന അതിവേഗ റെയിൽവേ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിക്കാമെന്ന് കരുതിയാൽതന്നെ അതിനുള്ള സ്ഥലമോ സൗകര്യമോ കേരളത്തിലില്ല. പല പദ്ധതികളുടെയും പേരിൽ മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അനുഭവം നമുക്കു മുന്നിലുണ്ട്. മഹാമാരിയിൽ തകർന്ന സ്വപ്നങ്ങളും പ്രതീക്ഷകളും പുനരുദ്ധരിക്കാൻ നമുക്കു കഴിയണം. അതിനിടയിൽ പുതിയ പ്രശ്നങ്ങൾ ബോധപൂർവം സൃഷ്ടിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.