കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ മേഖലയിൽ നിശ്ചയിച്ചപ്രകാരം സ്വദേശിവത്കരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് സ്ഥിരംസംവിധാനം ഉണ്ടാക്കുമെന്ന് പാർലമെൻറിലെ സ്വദേശിവത്കരണ സമിതി മേധാവി ഖലീൽ അൽ സാലിഹ് എം.പി പറഞ്ഞു. കഴിഞ്ഞദിവസം പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഇത്രകാലം കൊണ്ട് നിശ്ചിത ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്തണമെന്ന് എല്ലാ സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയതാണ്.
എന്നാൽ, പലപ്പോഴായി നടന്ന വിലയിരുത്തലിൽ ചില വകുപ്പുകൾ ഇത് കൃത്യമായി പാലിക്കുന്നില്ലെന്നാണ് കണ്ടെത്താനായത്. ബാഹ്യ ഇടപെടലുകൾ കാരണമാണ് ചില വകുപ്പുകളിൽ നടപടി ഇഴഞ്ഞുനീങ്ങുന്നതെന്നും നിരീക്ഷണമുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുമേഖലയിലെ സ്വദേശിവത്കരണം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 30000 കുവൈത്തികളാണ് പഠനം കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുന്നത്.
ഇവർക്കും നേരേത്ത സിവിൽ സർവിസ് കമീഷനിൽ പേര് രജിസ്റ്റർ ചെയ്തവർക്കും തൊഴിലവസരം ഉറപ്പുവരുത്തേണ്ടതുണ്ട്. സ്വദേശികൾ ജോലി ചെയ്യാൻ മടിക്കുന്ന തസ്തികകളിലല്ലാതെ പൊതുമേഖലയിൽ വിദേശികളെ അവശേഷിപ്പിക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ല. കുവൈത്ത്വത്കരണത്തിൽ താൽപര്യക്കുറവ് കാണിക്കുന്ന വകുപ്പുകൾക്കെതിരെ നടപടി കൈക്കൊള്ളുമെന്നും ഖലീൽ അൽ സാലിഹ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.