കുവൈത്ത് സിറ്റി: വിദേശികൾക്ക് ആനുപാതികമായി നിശ്ചിതയെണ്ണം തദ്ദേശീയ തൊഴിലാളികളെ നിയമിക്കാത്ത സർക്കാറിതര വകുപ്പുകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് മുന്നറിയിപ്പ്. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള വകുപ്പ് മേധാവി ഫൗസി അൽ മജ്ദലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വകാര്യ മേഖലകളിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിെൻറ ഭാഗമായി നിശ്ചിതയെണ്ണം കുവൈത്തികളെ കമ്പനികളിലും സ്ഥാപനങ്ങളിലും നിയമിക്കണമെന്നുണ്ട്. പകരമായി സർക്കാറിതര വകുപ്പുകൾക്ക് സ്ഥാപനങ്ങൾ നിർമിക്കാനുള്ള സ്ഥലം, സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഏകദേശം സർക്കാറിലേതിന് സമാനമായ ശമ്പളം സ്വദേശികൾക്ക് കൊടുക്കേണ്ടതുള്ളതുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾക്ക് സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചത്.
എന്നാൽ, സർക്കാറിൽനിന്ന് കൃത്യമായി സഹായവും ആനുകൂല്യങ്ങളും പറ്റുകയും അതേസമയം, തദ്ദേശീയരുടെ തോത് കൃത്യമായി പാലിക്കുകയും ചെയ്യാത്ത നിരവധി കമ്പനികളും സ്ഥാപനങ്ങളുമുണ്ടെന്നാണ് പരിശോധനകളിൽ കണ്ടെത്തിയത്. സ്വദേശി തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് വ്യാജ രേഖയുണ്ടാക്കി സർക്കാറിൽനിന്ന് ആനുകൂല്യം തട്ടിയെടുക്കുന്ന കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. വിദേശികളെ കൊണ്ടുള്ളത്ര പ്രയോജനം സ്വദേശികളെ നിയമിച്ചാൽ ലഭിക്കില്ലെന്ന ചിന്തയാണ് മിക്ക സ്വകാര്യ സ്ഥാപനങ്ങളെയും നിയമം നടപ്പാക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.