കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതവുമായി ബന്ധപ്പെട്ട് മാൻപവർ ആൻഡ് ഗവൺമെൻറ് റീസ്ട്രക്ചറിങ് പ്രോഗ്രാം പഠനം നടത്തുന്നു. ഇൗ വർഷംതന്നെ പഠനം പൂർത്തിയാക്കി മന്ത്രിസഭക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതുസംബന്ധിച്ച മന്ത്രിസഭാ ഉത്തരവ് ഇൗ വർഷം തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. വിവിധ തസ്തികകൾക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും സ്വദേശി അനുപാതം.
സ്വദേശികൾക്ക് ഏറെ താൽപര്യമുള്ള തസ്തികകളിൽ കൂടിയനിരക്ക് നിശ്ചയിക്കുേമ്പാൾ ചില തസ്തികകൾക്ക് ഇത് ഒരുശതമാനം മാത്രമാവും. രാജ്യത്ത് സ്വദേശി അനുപാതം കൃത്യമായി പാലിക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ മൂന്നിരട്ടിയാക്കി ഉയർത്താൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. നിലവിൽ നിശ്ചിതയെണ്ണം സ്വദേശികളെ ജോലിക്ക് വെക്കാത്ത കമ്പനി ഒരു തൊഴിലാളിക്ക് 100 ദീനാർ എന്നതോതിൽ പിഴ കൊടുക്കണമെന്നാണ് നിയമം. ഇത് 300 ദീനാറായി ഉയർത്താനാണ് തീരുമാനം. പുതിയ ഉത്തരവ് ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് മാൻ പവർ അതോറിറ്റിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. എൻജിനീയറിങ് കമ്പനികൾ, അഭിഭാഷകരുടെയും ജഡ്ജിമാരുടെയും ഓഫിസുകൾ എന്നിവിടങ്ങളിൽ അഞ്ചു ശതമാനം സ്വദേശികളെ നിയമിക്കണമെന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഇത് 10 ശതമാനമായി ഉയർത്തും.
അതുപോലെ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് മേഖലയിൽ നാല് ശതമാനം സ്വദേശികളെ നിയമിക്കണമെന്നും പുതിയ ഉത്തരവിലുണ്ട്. സർക്കാർ കോൺട്രാക്ടിങ് കമ്പനികളിൽ പദ്ധതി നടപ്പാക്കി വിജയിച്ചതാണ് മറ്റു മേഖലകളിലേക്കുകൂടി ഇത് വ്യാപിപ്പിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. സ്വകാര്യമേഖലകളിൽ സ്വദേശിവത്കരണം ഘട്ടംഘട്ടമായി നടപ്പാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ പറഞ്ഞു. ചില കമ്പനികൾ സ്വദേശികളെ തീരേ നിയമിക്കാതെ പിഴ കൊടുത്തുകൊണ്ടിരിക്കുകയെന്ന രീതി പിന്തുടരുകയാണ്. പിഴ മൂന്നിരട്ടിയാക്കി ഉയർത്തുന്നതിലൂടെ ഈ പ്രവണതക്ക് അറുതിവരുത്താൻ സാധിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.