കുവൈത്ത് സിറ്റി: പൊതുമേഖല പൂർണമായി സ്വദേശിവത്കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോൾ തന്നെ സ്വകാര്യ മേഖലയിലും ഇത് സാധ്യമാക്കാനുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പാർലമെൻറിലെ സ്വദേശിവത്കരണ സമിതി മേധാവി ഖലീൽ അൽ സാലിഹ് എം.പി പറഞ്ഞു. കഴിഞ്ഞദിവസം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുനിന്നും നാട്ടിൽനിന്നും ഉന്നത പഠനം കഴിഞ്ഞ് നൂറുകണക്കിന് സ്വദേശി യുവതി-യുവാക്കളാണ് പ്രതിവർഷം പുറത്തിറങ്ങുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവർക്കെല്ലാം പൊതുമേഖലയിൽ തൊഴിലവസരം സൃഷ്ടിക്കുക പ്രയാസമാണ്.
സർക്കാർ പിന്തുണയോടെയുള്ള കമ്പനികളും സ്ഥാപനങ്ങളും നിർമിച്ച് അതിൽ കുവൈത്തികൾക്ക് ആദ്യ പരിഗണന നൽകാനാണ് പദ്ധതി. സർക്കാർ മേഖലപോലെതന്നെ സ്വകാര്യമേഖലയും കുവൈത്തികൾക്ക് ആകർഷണീയമാക്കി തീർക്കാനുള്ള നടപടികൾ കൈകൊള്ളും. ഇതിനായി സ്വകാര്യ തൊഴിൽനിയമത്തിൽ ഭേദഗതി വരുത്തുന്നതിനെ കുറിച്ചും ആലോചിക്കും. അഞ്ചുവർഷത്തിനുള്ളിൽ 40 ശതമാനം കുവൈത്തി ബിരുദധാരികളെ ഉൾക്കൊള്ളാൻ സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകും. സ്വകാര്യ മേഖലയിൽ കുവൈത്തികൾക്ക് സ്ഥിരതയും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനുള്ള പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ഖലീൽ അൽ സാലിഹ് എം.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.