കുവൈത്ത് സിറ്റി: വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ കേരളത്തിന്റെ മതേതര ബോധം പ്രതിരോധം തീർത്തതിന്റെ തെളിവാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.ഐ.ജി കേന്ദ്ര കമ്മിറ്റി. ഫാഷിസ്റ്റ് ശക്തികളും കപട മതേതര പുരോഗമനവാദികളും അവരുടെ പിണിയാളുകളായ മതസംഘടനകളും കേരളത്തിന്റെ മതേതര ബോധത്തെ വെല്ലുവിളിച്ച് നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ഫലം.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകി. പ്രചാരണകാലം മുഴുവൻ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയും സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്ന പ്രസ്താവനകളും നടത്തി ഭൂരിപക്ഷ വോട്ടുകൾ കൈവശപ്പെടുത്താനായിരുന്നു സി.പി.എം ശ്രമം.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും പാലക്കാട്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം ഇതേ കുതന്ത്രമാണ് പിന്തുടർന്നത്. അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കുന്നതിനുപകരം തെരഞ്ഞെടുപ്പ് പ്രക്രിയയിലെവിടെയും പങ്കാളിത്തമില്ലാത്ത ഒരു പ്രസ്ഥാനത്തെ നാട്ടക്കുറിയാക്കി, മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷപ്രചാരകരെ അഴിച്ചുവിട്ട് വിഭാഗീയത സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്.
ഹീനമായ അത്തരം കുതന്ത്രങ്ങളെയാണ് ജനങ്ങൾ പരാജയപ്പെടുത്തിയത്.
ക്ഷേമപദ്ധതികളുടെ ആനുകൂല്യത്തെക്കാളും വികസന പ്രവർത്തനങ്ങളുടെ നേട്ടങ്ങളെക്കാളും സമാധാനത്തോടെയുള്ള സ്വൈരജീവിതമാണ് ജനങ്ങൾക്ക് പ്രധാനമെന്ന് ഫലം വ്യക്തമാക്കുന്നതായും കെ.ഐ.ജി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.