തൊഴിലാളികളുടെ ഡാറ്റാബാങ്ക് തയാറാക്കുന്നു

കുവൈത്ത് സിറ്റി: മാന്‍പവര്‍ പ്ളാനിങ് പബ്ളിക് അതോറിറ്റി കുവൈത്തിലെ തൊഴിലാളികളുടെ കൃത്യമായ വിവരം ശേഖരിച്ച് ഡാറ്റ ബാങ്ക് തയാറാക്കാന്‍ ഒരുങ്ങുന്നു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും തൊഴിലാളികളുടെ കൃത്യമായ വിവരം ശേഖരിക്കുമെന്ന് അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുന്നതിന് നടപടി തുടങ്ങി. തൊഴിലാളികളുടെ പേര്, സിവില്‍ ഐഡി നമ്പര്‍, ജോലി സംബന്ധിച്ച വിവരങ്ങള്‍, വര്‍ക് പെര്‍മിറ്റില്‍ കാണിച്ചിട്ടുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും, രാജ്യത്തേക്ക് പ്രവേശിച്ച തീയതി, ഓരോ തവണയും രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം സംബന്ധിച്ച വിവരം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സമഗ്ര ഡാറ്റാബേസ് തയാറാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. തയാറാക്കിയ ശേഷം മാന്‍പവര്‍ പ്ളാനിങ് അതോറിറ്റിയുടെ ഡാറ്റാബേസ് മാനേജ്മെന്‍റ് ടീം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ക്രമീകരണ നടപടികള്‍ കൈക്കൊള്ളും. സ്വദേശിവത്കരണം, സ്വദേശി-വിദേശി അനുപാതം ക്രമീകരിക്കല്‍, പൊതു -സ്വകാര്യ മേഖലയിലെ തൊഴില്‍ വിന്യാസവും ക്രമീകരണവും തുടങ്ങിയവക്കെല്ലാം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശ്യം. രാജ്യത്ത് തങ്ങുന്ന മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ഡാറ്റാബാങ്കില്‍ ഉള്‍ക്കൊള്ളിക്കും. ഇതിന്‍െറ ഭാഗമായി അനധികൃതമായി തങ്ങുന്നവരെ രാജ്യത്തുനിന്ന് പുറന്തള്ളുകയോ അംഗീകൃത വഴിയിലൂടെ രേഖയില്‍ ഉള്‍പ്പെടാന്‍ അവസരമൊരുക്കുകയോ ചെയ്യും. അനധികൃതമായി താമസിക്കുന്ന അവിദഗ്ധ തൊഴിലാളികളെ നാടുകടത്തുകയെന്നതാണ് സര്‍ക്കാറിന്‍െറ നയം. ഒടുവില്‍ പുറത്തുവിട്ട കണക്കനുസരിച്ച് കുവൈത്തിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. 16,40,808 ആണ് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന വിദേശികളുടെ മൊത്തം എണ്ണം. ഇതില്‍ 5,49,312 പേരുമായി ഇന്ത്യക്കാര്‍ ഒന്നാമതും 4,48,141 പേരുമായി ഈജിപ്ത് സ്വദേശികള്‍ രണ്ടാമതുമാണ്. 1,52,331 ആണ് പട്ടികയില്‍ മൂന്നാമതുള്ള ബംഗ്ളാദേശുകാരുടെ എണ്ണം. 9,32,16 പാകിസ്താനികളും 83,465 ഫിലിപ്പീന്‍ പൗരന്മാരും വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നതായാണ് ഒൗദ്യോഗിക കണക്ക്. രാജ്യത്തെ തൊഴില്‍മേഖലയില്‍ 81 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നത് വിദേശികളാണെന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യക്കാരാണ്.

Tags:    
News Summary - Labour Data Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.