ഗസ്സയിലേക്കുള്ള സഹായവസ്തുക്കളും ആംബുലൻസും വിമാനത്തിൽ
കുവൈത്ത് സിറ്റി: ഗസ്സയിലേക്ക് കൂടുതൽ സഹായവുമായി കുവൈത്ത്. ചൊവ്വാഴ്ച 40 ടൺ വൈദ്യസഹായവും സാമഗ്രികളുമായി കുവൈത്തിൽ നിന്നുള്ള സഹായവിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. കുവൈത്ത് അയക്കുന്ന 25ാമത്തെ ദുരിതാശ്വാസ വിമാനമാണിത്. ചൊവ്വാഴ്ച അയച്ച വിമാനത്തിൽ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസുകളും അടങ്ങുന്നുണ്ട്. ഗസ്സയിലെ ആശുപത്രികൾക്കുനേരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിനാൽ ഭക്ഷണത്തിനൊപ്പം മരുന്നും ആംബുലൻസുകളും ഇല്ലാതെ ഗസ്സ നിവാസികൾ ദുരിതത്തിലാണ്.
ഗസ്സയിലെ നിലവിലെ സാഹചര്യത്തിൽ ഫലസ്തീനിലെ സഹോദരങ്ങൾക്ക് ആവശ്യമായ എല്ലാ മാനുഷിക സാമഗ്രികളും നൽകാൻ ശ്രമിക്കുന്നതായി അൽ സലാം ചാരിറ്റബ്ൾ സൊസൈറ്റി ഡയറക്ടർ ജനറൽ ധാരി അൽ ബൈജാൻ പറഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച അസോസിയേഷന്റെ ഗസ്സ കാമ്പയിനിൽ 8,50,000 കുവൈത്ത് ദീനാർ കവിഞ്ഞതായും വിവിധ സഹായവസ്തുക്കൾ 300 ടണ്ണിലധികം ശേഖരിച്ചതായും അദ്ദേഹം അറിയിച്ചു. അൽ സലാം ചാരിറ്റബ്ൾ, കുവൈത്ത് റിലീഫിന്റെയും സഹകരണത്തോടെ 18 ദുരിതാശ്വാസവിമാനങ്ങൾ ഗസ്സയിലേക്ക് അയച്ചതായി ഇൻറർനാഷനൽ ഇസ്ലാമിക് ചാരിറ്റബ്ൾ ഓർഗനൈസേഷൻ ഫോർ ഇൻസ്റ്റിറ്റ്യൂഷനൽ കമ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ബാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.