മംഗഫ് ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ 50,000 പേനകൊണ്ട് നിർമിച്ച ‘കുവൈത്ത് ടവർ’ മാതൃക
കുവൈത്ത് സിറ്റി: ഉപയോഗശൂന്യമായ പേനകൾ സംയോജിപ്പിച്ച് മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ കുവൈത്ത് ടവറിന്റെ മാതൃക സൃഷ്ടിച്ചു. പാഴ്വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കാതെ അവയെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് ഈ ശ്രമത്തിനു പിന്നിൽ.
സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ സലീം എന്നിവരുടെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി കലാവിഭാഗം അധ്യാപകൻ രാമചന്ദ്രനാണ് വിദ്യാർഥികളുടെ പരിശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. 50,000ത്തിൽപരം ഉപയോഗശൂന്യമായ പേനകൾ മരം കൊണ്ടുണ്ടാക്കിയ ചട്ടക്കൂടിൽ ഒട്ടിച്ചുവെച്ചാണ് 9.44 മീറ്റർ നീളമുള്ള കൂറ്റൻ രൂപം തയാറാക്കിയത്. ഏകദേശം ആറുമാസം നീണ്ട പരിശ്രമങ്ങൾക്ക് പരിസമാപ്തി കുറിച്ച് കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് സ്തൂപം സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.
തങ്ങളുടെ പോറ്റമ്മയായ കുവൈത്തിനോടുള്ള ആദരസൂചകമായാണ് രാജ്യത്തിന്റെ ഐക്കണായ കുവൈത്ത് ടവർ രൂപപ്പെടുത്തിയത്. കുവൈത്തിനോടുള്ള പ്രതിബദ്ധതയാണ് ഈ ശ്രമങ്ങൾക്ക് പ്രചോദനം. അതോടൊപ്പംതന്നെ കുട്ടികളുടെ കലാപരമായ കഴിവിനെയും ചിന്തകളെയും വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിജയകരമായി രണ്ട് ശതാബ്ദങ്ങൾ പൂർത്തിയാക്കിയതിന്റെ പ്രഘോഷവുമാണ് ഈ സ്തൂപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.