അന്താരാഷ്ട്ര ഒട്ടക റേസിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഒട്ടകങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നുമുള്ള വ്യാപകമായ പങ്കാളിത്തത്തോടെ 24ാമത് വാർഷിക കുവൈത്ത് അന്താരാഷ്ട്ര ഒട്ടക റേസിങ് ചാമ്പ്യൻഷിപ്പിന് തുടക്കം. ആറ് ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ് കുവൈത്ത് കാമൽ റേസിങ് ക്ലബ്ബാണ് ഇത് സംഘടിപ്പിക്കുന്നത്. കാമൽ റേസിങ് ക്ലബ്ബിന്റെ മാർട്ടിർ ഫഹദ് അൽ അഹമ്മദ് ട്രാക്കിലാണ് മത്സരങ്ങൾ. വ്യത്യസ്ത ഇനങ്ങളിലായി 78 ലധികം മത്സരങ്ങൾ ചാമ്പ്യൻഷിപ്പിന്റെ പ്രത്യേകതയാണ്. ആദ്യ ദിവസം 21 മത്സരങ്ങൾ നടന്നു.
പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് (പി.എ.എസ്) ആക്ടിങ് ഡയറക്ടർ ജനറൽ ബഷർ അബ്ദുള്ള ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. കുവൈത്തും ഗൾഫ് രാജ്യങ്ങളിലെയും അന്താരാഷ്ട്ര തലത്തിലും വ്യാപിച്ചുകിടക്കുന്ന മഹത്തായ പൈതൃകം ഉൾകൊള്ളുന്നതാണ് ചാമ്പ്യൻഷിപ്പെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്ന എല്ലാവർക്കും അദ്ദേഹം വിജയം ആശംസിച്ചു. മത്സരത്തിന്റെ ആദ്യ ദിനം കുവൈത്ത് ഒട്ടകങ്ങൾ മികച്ച ഫലങ്ങൾ കൈവരിച്ചതായി കുവൈത്ത് കാമൽ റേസിങ് ക്ലബ് പ്രസിഡന്റ് ഹുസൈൻ അൽ ദവാസ് അറിയിച്ചു. ഇത് വരും ദിവസങ്ങൾക്ക് ശുഭസൂചനയാണെന്നും വ്യക്തമാക്കി. ചാമ്പ്യൻഷിപ് സുഗമമാക്കുന്നതിൽ ബന്ധപ്പെട്ട സംസ്ഥാന അധികാരികൾ നടത്തിയ ശ്രമങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഗൾഫ്, അറബ് മേഖലകളിലെ ഏറ്റവും മികച്ച ഒട്ടകങ്ങളുടെ പങ്കാളിത്തം ചാമ്പ്യൻഷിപ്പിലുണ്ട്. മത്സരക്ഷമതയും ആവേശവും നിറഞ്ഞ റേസുകളും ഒട്ടകങ്ങളുടെ കഴിവും മികവും വിലയിരുത്തുന്നു. അറബ് പൈതൃക കായിക വിനോദം കാണാനും റേസുകൾ ആസ്വദിക്കാനും നിരവധിപേർ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.