സിങ്ക്ഹോളുകൾ രൂപംകൊണ്ടയിടം
കുവൈത്ത് സിറ്റി: രാജ്യത്തെ ജൽ അൽ സൂർ, മുത്ല മരുഭൂമി പ്രദേശങ്ങളിൽ സിങ്ക് ഹോളുകൾ രൂപംകൊള്ളുന്നതായി കുവൈത്ത് സൊസൈറ്റി ഫോർ എർത്ത് സയൻസസ് റിപ്പോർട്ട് ചെയ്തു. പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ ഇവ ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുന്നതായും തകർച്ചയുടെ സാധ്യത കാരണം സന്ദർശനത്തിന് അനുയോജ്യമല്ലെന്നും മുന്നറിയിപ്പ് നൽകി.
ചുണ്ണാമ്പുകല്ല്, ജിപ്സം, ഉപ്പ് പോലുള്ള ലയിക്കുന്ന പാറകളുടെ ലയനം അല്ലെങ്കിൽ മണ്ണൊലിപ്പ് മൂലമോ ഭൂഗർഭ അറകളുടെ തകർച്ച മൂലമോ രൂപം കൊള്ളുന്ന നിലത്തുണ്ടാകുന്ന താഴ്ചകളോ ദ്വാരങ്ങളോ ആണ് സിങ്ക് ഹോളുകൾ. കനത്ത മഴ, ഖനനം, ജലവിതാനത്തിലെ മാറ്റങ്ങൾ എന്നിവയാൽ ഇവ സംഭവിക്കാം.
സംഭവം പഠിക്കുന്നതിനും പ്രാഥമിക റിപ്പോർട്ട് തയാറാക്കുന്നതിനുമായി സ്ഥലം സന്ദർശിച്ചതായും, അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും സൊസൈറ്റി മേധാവി ഡോ. മുബാറക് അൽ ഹജ്രി പറഞ്ഞു. ജൽ അൽ സൂറിലെ ഹാദ് സഫാഹ് പ്രദേശത്ത് ഇത്തരം ഒരു ഗുഹ കണ്ടെത്തിയിട്ടുണ്ട്.
മഴവെള്ളം ഒഴുകുന്ന ഒരു ചാലിലാണ് വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്. പൊതുവെ ദുർബലമായ ഈ പ്രദേശം മണ്ണൊലിപ്പിന് പേരുകേട്ടതാണ്. പാറകളുടെ വികസനം വിള്ളലുകൾ സൃഷ്ടിച്ചത് അപകടസാധ്യത സൃഷ്ടിക്കുന്നു. മുത്ലയിൽ കണ്ടെത്തിയ ഗുഹക്ക് നാലു മീറ്റർ വ്യാസവും ആറ് മീറ്ററോളം ആഴവുമുണ്ട്. ഒരു വർഷത്തിലധികം പഴക്കമുള്ള പക്ഷിക്കൂടുകൾ ഇതിലുണ്ടായിരുന്നു. നിർണായകമായ ശാസ്ത്രീയ, ഫീൽഡ് ജോലികൾ നിർവഹിക്കുന്നതിനായി കുവൈത്ത് ജിയോളജിക്കൽ സർവേ അതോറിറ്റി എന്ന സ്വതന്ത്ര ദേശീയ സ്ഥാപനം സ്ഥാപിക്കണമെന്ന് അൽ ഹജ്രി ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനം ഭൂഗർഭ സാഹചര്യങ്ങൾ നിരീക്ഷിച്ച് സിങ്ക് ഹോളുകൾ, മറ്റു ഉപരിതല പ്രക്രിയകൾ എന്നിവയുൾപ്പെടെയുള്ള ഭൂമിശാസ്ത്രപരമായ അപകടങ്ങൾ വിലയിരുത്തുന്നതിലും ജീവനും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.