കുവൈത്ത് സിറ്റി: വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണമിടപാടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി മണി എക്സ്ചേഞ്ച് കമ്പനികളുടെ യൂനിയൻ മേധാവി തലാൽ ബഹ്മൻ. തീരുമാനം പ്രാബല്യത്തിലാവുകയാണെങ്കിൽ വിദേശികൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ ഇരട്ടി ബാധ്യത സ്വദേശികൾക്കുണ്ടാകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ദൂരവ്യാപകമായ അനന്തര ഫലങ്ങൾ മനസ്സിലാക്കാതെയും വേണ്ടത്ര പഠനങ്ങൾ നടത്താതെയുമാണ് ചില എം.പിമാർ ഈ ആവശ്യം ഉന്നയിക്കുന്നത്. കാര്യങ്ങൾ കൃത്യമായി പഠിച്ചാൽ തങ്ങൾക്ക് തന്നെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന കാര്യമാണിതെന്ന് സ്വദേശികൾക്ക് മനസ്സിലാക്കാൻ സാധിക്കും. രാജ്യത്തെ സാമ്പത്തിക–പണമിടപാട് സംരംഭങ്ങളുടെ ഉടമസ്ഥാവകാശം സ്വദേശികൾക്കാണ്. നാട്ടിലേക്കയക്കുന്ന പണമിടപാടുകൾക്ക് അധിക ഫീസ് കൊടുക്കേണ്ടതായ സാഹചര്യം പണമയക്കുന്നതിന് മറ്റു മാർഗങ്ങൾ കണ്ടെത്താൻ വിദേശികളെ േപ്രരിപ്പിക്കും.
അനധികൃത പണമിടപാടുകൾ വർധിക്കുന്നതിനും അതുവഴി കള്ളപ്പണം വ്യാപകമായ തോതിൽ വെളുപ്പിക്കുന്നതിനും ഇടയാക്കും. തങ്ങളുടെ പണം കുവൈത്തിൽ ചെലവഴിക്കുന്നതിെൻറ തോതിൽ ഗണ്യമായ കുറവ് വരുത്താനും വിദേശികളെ ഇത് നിർബന്ധിതരാക്കും. വിപണിയിൽ സാമ്പത്തിക വളർച്ച കുറക്കുന്നതിനും വൻകിട കമ്പനികളുടെ ഒഴിഞ്ഞുപോക്കിനും ഇത് കാരണമാക്കും. യോഗ്യരും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരുമായ വിദേശികളെ കുവൈത്ത് വിട്ട് മറ്റ് നാടുകളിലേക്ക് പോകാൻ േപ്രരിപ്പിക്കുമെന്നതും കണക്കിലെടുക്കേണ്ടതാണ്.
തന്ത്രപ്രധാന മേഖലകളിൽ പരിചയവും യോഗ്യതയുമുള്ള വിദേശികളെ രാജ്യത്തിന് നഷ്ടപ്പെടുകയായിരിക്കും ഇതിെൻറ തുടർഫലനം. നിയമപരമല്ലാത്ത പണമിടപാട് സംരംഭങ്ങൾ വർധിക്കുന്നത് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകൾക്കും മറ്റും സഹായകമായി മാറും. വൻകിട നിക്ഷേപ പദ്ധതികളിൽ പണം ഇറക്കുന്നതിൽനിന്ന് വിദേശികളെ പിന്നോട്ടടുപ്പിക്കാനും ഇത് കാരണമാകും. ഇതെല്ലാം കണക്കിലെടുത്ത് ഈ ആവശ്യത്തിൽനിന്ന് പിന്മാറുകയാണ് വേണ്ടത്. അതേസമയം, വിദേശികളുടെ പണമിടപാടുകൾ നിരീക്ഷിക്കാൻ ശക്തമായ സംവിധാനം ഉണ്ടാവണമെന്നും തലാൽ ബഹ്മൻ കൂട്ടിച്ചേർത്തു. വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന ആവശ്യവുമായി നിരവധി എം.പിമാരാണ് കരട് നിർദേശം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.