കുവൈത്ത് സിറ്റി: ഗസ്സയിൽ മെഡിക്കൽ, ദുരിതാശ്വാസ, മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണത്തിൽ ശക്തമായി അപലപിച്ച് കുവൈത്ത്. ഗസ്സ ഖാൻ യൂനുസിലെ അൽ നാസർ ആശുപത്രി ആക്രമിച്ച് അഞ്ച് മാധ്യമപ്രവർത്തകർ അടക്കം 20 പേരെ ഇസ്രായേൽ കൊലപ്പെടുത്തിയിന് പിറകെയാണ് കുവൈത്ത് പ്രതികരണം.
ഫലസ്തീനുനേരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. പ്രതിരോധമില്ലാത്ത ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന വ്യവസ്ഥാപിത കുറ്റകൃത്യങ്ങൾക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഫലസ്തീൻ ജനതക്കെതിരെ നടക്കുന്ന വംശഹത്യ തടയാനും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ നീതിയിൽ നിന്ന് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാ കൗൺസിലും നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
റോയിട്ടേഴ്സ് വാർത്ത ഏജൻസിയുടെ ഫോട്ടോ ജേണലിസ്റ്റ് ഹുസ്സാം അൽ മസ്രി, അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് അടക്കം പ്രസ് വിവിധ മാധ്യമസ്ഥാപനങ്ങൾക്ക് വാർത്ത നൽകിയിരുന്ന മറിയം അബൂ ദഖ, എൻ.ബി.സി നെറ്റ്വർക്ക് മാധ്യമപ്രവർത്തകൻ മുആസ് അബൂതാഹ, ഖുദ്സ് ഫീഡ് റിപ്പോർട്ടർ അഹ്മദ് അബൂ അസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.