പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: കുവൈത്ത് സ്പോർട്സ് ഡേ നാലാം പതിപ്പ് 2026 ഫെബ്രുവരി ഏഴിന്. ഇതുസംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി സമർപ്പിച്ച നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി.പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് അംഗീകാരം. സ്പോർട്സ് ഡേയുടെ പുതിയ പതിപ്പിൽ വിവിധ പ്രായത്തിലുള്ള ജനങ്ങളുടെ വിപുലവും ഫലപ്രദവുമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും വൈവിധ്യമാർന്ന ഇനങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.
ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ജപ്പാനിൽ നടക്കുന്ന എക്സ്പോ ഒസാക്ക 2025ലെ കുവൈത്ത് പവലിയനെക്കുറിച്ച് ഇൻഫർമേഷൻ മന്ത്രി യോഗത്തിൽ വിശദീകരിച്ചു. ധാരാളം സന്ദർശകരെ ആകർഷിച്ച കുവൈത്ത് പവലിയൻ, കല, സംസ്കാരം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും, നവീകരണത്തിനും സംരംഭകത്വത്തിനും കുവൈത്ത് നൽകുന്ന പിന്തുണ എടുത്തുകാണിക്കുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു. സാംസ്കാരികവും സാമ്പത്തികവുമായ പാലങ്ങൾ നിർമ്മിക്കുന്നതിലും ലോകമെമ്പാടും കുവൈത്തിന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടുന്നതിലും ഇത്തരം പ്രദർശനങ്ങളുടെ പ്രാധാന്യം മന്ത്രി അടിവരയിട്ടു.
സാമൂഹിക-കുടുംബ-ബാല്യകാല മന്ത്രി ഡോ. അംതാൽ അൽ-ഹുവൈല തന്റെ മന്ത്രാലയത്തിന്റെ സാമൂഹിക നേട്ടങ്ങളും വികസന പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു.സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും മുനിസിപ്പൽ സേവനങ്ങൾ സുഗമമാക്കുന്നതിനുമായി സെപ്റ്റംബറിൽ പരാതികൾ സ്വീകരിക്കുന്നതിനുള്ള ആപ്ലിക്കേഷൻ ആരംഭിച്ചതിനെക്കുറിച്ച് മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മിഷാരി വിശധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.