മനുഷ്യന് ജീവിതം സാധ്യമാകുന്നത് ജീവിക്കാനാവശ്യമായ വിഭവങ്ങൾ ലഭ്യമാകുമ്പോഴാണ്. ഭക്ഷണം, വെള്ളം, വായു, പാർപ്പിടം തുടങ്ങിയവ അടിസ്ഥാന വിഭവങ്ങളാണ്. സമ്പത്ത്, ആരോഗ്യം, അറിവ്, നൈപുണ്യം, അവസരങ്ങൾ തുടങ്ങിയവയും വിഭവങ്ങളായി കണക്കാക്കപ്പെടുന്നു. ഇവയെല്ലാം ലഭ്യമാകുന്നത് സ്രഷ്ടാവായ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും കൊണ്ടാണ്. പരിശുദ്ധ ഖുർആൻ രിസ്ഖ് എന്ന പദമാണ് വിഭവങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുള്ളത്. അത് ലഭ്യമാകാൻ അധ്വാനിക്കണമെന്നും കഴിവുകൾ ഉപയോഗിക്കണമെന്നും ഖുർആൻ പഠിപ്പിക്കുന്നു. എന്നാൽ മനുഷ്യന്റെ ശ്രമം കൊണ്ടുമാത്രമല്ല; രിസ്ഖ് ലഭ്യമാകുന്നതിന് സഹായിക്കുന്ന വിശ്വാസവും ദൈവാനുസരണവുമായി ബന്ധപ്പെട്ട ഒരു പ്രധാനതലം കൂടിയുണ്ട്. വിഭവങ്ങളെ നമസ്കാരവുമായി ബന്ധപ്പെടുത്തി ഖുർആൻ പ്രതിപാദിച്ചിട്ടുണ്ട്. “നമസ്കാരം സ്ഥിരതയോടെ നിർവഹിക്കുക. അതിന് പകരം അല്ലാഹു മനുഷ്യനിൽ നിന്ന് ഒരു വിഭവവും ആഗ്രഹിക്കുന്നില്ല, മറിച്ച് അവനാണ് മനുഷ്യർക്ക് വിഭവങ്ങൾ നല്കുന്നത്. ദൈവം നൽകുന്ന വിഭവങ്ങൾ ഉത്തമവും സ്ഥായിയുമാണ്”. അല്ലാഹുവുമായി ബന്ധം ഉറപ്പിക്കുന്ന ഏറ്റവും വലിയ ആരാധനയാണ് നമസ്കാരം. അത് ജീവിതത്തിൽ അനുഗ്രഹവും സമാധാനവും വരുത്തുന്നു; അത് മുഖേന രിസ്ഖിന്റെ വഴികളും തുറക്കപ്പെടുന്നു.
ദൈവഭയവും ഭക്തിയും കാത്തുസൂക്ഷിക്കുന്നവർക്ക് അല്ലാഹു ജീവിതത്തിൽ രക്ഷയുടെ വഴികൾ തുറക്കുമെന്നും, അവർ വിചാരിക്കാത്ത മാർഗ്ഗങ്ങളിലൂടെ അവൻ വിഭവങ്ങളെത്തിക്കുമെന്നും ഖുർആൻ പറയുന്നു. അതുപോലെ സ്രഷ്ടാവിന്റെ മുമ്പിൽ പാപങ്ങൾ ഏറ്റുപറഞ്ഞ് മോചനം തേടുന്നവർക്കും, കാര്യലബ്ധിക്ക് വേണ്ടി ആത്മാർത്ഥതയോടെ അവനെ ആശ്രയിക്കുന്നവർക്കും, നല്ല മാർഗ്ഗത്തിൽ സമ്പത്ത് വ്യയം ചെയ്യുന്നവർക്കും അല്ലാഹു രിസ്ഖ് നൽകുന്നതാണ്.
ഈ കാര്യങ്ങൾക്കൊപ്പം അധ്വാനത്തിന്റെയും വിഭവങ്ങൾ സമാഹരിക്കാനുള്ള മനുഷ്യ സാധ്യമായ നല്ല മാർഗങ്ങൾ അവലംബിക്കുന്നതിന്റെയും പ്രാധാന്യം ഖുർആൻ ഊന്നിപ്പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.