കുവൈത്ത് സിറ്റി: അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ പ്രഖ്യാപനത്തിൽ ആശ്വാസംകൊണ്ട് ജി.സി.സി രാജ്യങ്ങൾ. കുവൈത്ത് അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ഇതോടെ അയവു വരുമെന്നും സഥിതിഗതികൾ ശാന്തമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. നിർത്തിവെച്ച വിമാന സർവിസുകളും പുനരാരംഭിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
ഫെബ്രുവരി 28ന് യു.എസ് -ഇറാൻ സംഘർഷങ്ങൾക്ക് പിറകെയാണ് സുരക്ഷാ കാരണങ്ങളാൽ കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചത്.
ഇതോടെ കുവൈത്തിൽ നിന്ന് പുറത്തുപോയവരും കുവൈത്തിൽ സന്ദർശനത്തിനെത്തിയവരും വിവിധ രാജ്യങ്ങളിലായി കുടുങ്ങി. കുവൈത്ത് പൗരൻമാരെ തിരികെ എത്തിക്കാൻ കുവൈത്ത് എയർവേസ് സൗദിവഴി നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിലും കുവൈത്തിലുമായി കുടുങ്ങിക്കിടക്കുകയാണ്.
കുവൈത്തിനെ ലക്ഷ്യമിട്ട് വെള്ളിയാഴ്ചയും കനത്ത ആക്രമണമാണ് നടന്നത്. രാജ്യത്തെ വ്യോമാതിർത്തിയിലെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വ്യോമ പ്രതിരോധ സേന കൃത്യമായി പ്രതിരോധിച്ചു. ഇതുവരെയായി ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങളും ഒരു സാധാരണക്കാരനും ബാലികയും കൊല്ലപ്പെട്ടു.
നിരവധി പേർക്ക് പരിക്കേൽക്കുകയും ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഓപറേഷനുകളിൽ 67 സായുധ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം സംഘർഷം അയയുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഗൾഫ് മേഖലയിലെ പ്രശ്നം വൈകാതെ അവസാനിക്കുമെന്നും വിമാന സർവിസ് ഉടൻ ആരംഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ. അതേസമയം, അയൽരാജ്യങ്ങളിൽ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങൾ ഉണ്ടാവരുതെന്നും പെസഷ്കിയാൻ വ്യക്തമാക്കിയിട്ടുണ്ട്. അയൽ രാജ്യങ്ങളിൽ നിന്ന് ഇറാനെ ആക്രമിച്ചാൽ തിരിച്ചടിയുണ്ടാവുമെന്ന സൂചനയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.