എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്; പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ ലക്ഷ്യം

കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്. വൈകാതെ പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ എന്ന നിലയിലേക്ക് ഉൽപാദനം വർധിപ്പിക്കും.

തകർന്ന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായും ഉൽപ്പാദനം വേഗത്തിൽ വർധിപ്പിക്കാനും യുദ്ധത്തിന് മുമ്പുള്ള നിലവാരത്തിലെത്താനും കഴിയുമെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശൈഖ് നവാഫ് അസ്സബാഹ് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുദ്ധസമയത്ത് വിതരണ ബാധ്യതകൾ നിറവേറ്റാൻ കഴിയാത്തതിനാൽ പുറപ്പെടുവിച്ച എല്ലാ നോട്ടീസുകളും പിൻവലിക്കും.

ഒരാഴ്ചക്കുള്ളിൽ പ്രതിദിനം രണ്ടു ദശലക്ഷം ബാരലിന് മുകളിൽ ഉൽപാദനം എന്ന ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

കുവൈത്ത് തുറമുഖങ്ങളിൽ അന്താരാഷ്ട്ര വാണിജ്യ കപ്പൽ എത്തിതുടങ്ങിയാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ യുദ്ധത്തിനു മുമ്പുള്ള നിലയിൽ ഉത്പാദനം പുനരാരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ്-ഇറാൻ സമാധാന കരാർ നിലവിൽ വരികയും ഹുർമുസ് കടലിടുക്ക് തുറക്കുകയും ചെയതതോടെ വ്യാഴാഴ്ച രാത്രിയിൽ ഏകദേശം 12.5 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയതായി യു.എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കിയിരുന്നു. അതേസമയം, കടലിടുക്കിലൂടെയുള്ള ഗതാഗതം യുദ്ധത്തിനു മുമ്പുള്ള നിലവാരത്തിലെത്താൻ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോർട്ട്.

സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കൽ, മൈനുകൾ നീക്കം ചെയ്യൽ എന്നിവ ഇതിൽ പ്രധാനമാണ്.

Tags:    
News Summary - Kuwait set to increase oil production; targets two million barrels per day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.