സാൽമിയയിലെ ബൊളിവാർഡ് പാർക്കിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച യോഗയിൽ നിന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈത്തിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിച്ചു. സാൽമിയയിലെ ബൊളിവാർഡ് പാർക്കിൽ സംഘടിപ്പിച്ച പരിപാടികൾക്ക് ഇന്ത്യന്‍ അംബാസഡർ പരമിത ത്രിപതി നേതൃത്വം നല്‍കി.
കുവൈത്തിൽ യോഗയ്ക്കുള്ള വർധിച്ച ജനപ്രീതിയെ അംബാസഡർ പ്രശംസിച്ചു. ആഘോഷങ്ങൾക്ക് മുന്നോടിയായി നാല്പതിലധികം കർട്ടൻ-റൈസർ പരിപാടികൾ സംഘടിപ്പിച്ചതായും അംബാസഡർ ചൂണ്ടിക്കാട്ടി. യോഗ പ്രേമികൾ, ആയുർവേദ, പരമ്പരാഗത വൈദ്യശാസ്ത്ര വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി ആയുഷ് ഫോറം ആരംഭിക്കുമെന്ന് അംബാസഡർ പ്രഖ്യാപിച്ചു. ജൂൺ 25 മുതൽ എംബസിയിൽ ആരംഭിക്കുന്ന പ്രതിവാര ചലച്ചിത്ര പ്രദർശന സംരംഭമായ ഇന്ത്യൻ ഫിലിം തേഴ്‌സ്‌ഡേയ്‌സിനും ചടങ്ങിൽ തുടക്കമായി.
കുവൈത്ത് യോഗ കമ്മിറ്റി പ്രസിഡന്റ് ശൈഖ ശൈഖ അലി അൽ ജാബിർ അസ്സബാഹ് , ഇന്തോനേഷ്യ അംബാസഡറും ഏഷ്യൻ അംബാസഡേഴ്‌സ് ഗ്രൂപ്പിന്റെ ഡീനുമായ ലെന മരിയാന, കുവൈത്തിലെ യു.എൻ ഹാബിറ്റാറ്റ് മിഷന്റെയും ജി.സി.സി റീജിയണൽ ഓഫീസിന്റെയും തലവനായ ഡോ. അമീറ അൽ ഹസ്സൻ, നയതന്ത്ര ഉദ്യോഗസ്ഥർ, കുവൈത്ത് സർക്കാർ പ്രതിനിധികൾ, യോഗ പ്രാക്ടീഷണർമാർ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.