ഓൺലൈനായി ചേർന്ന ഐ.സി.എ.ഒ കൗൺസിൽ യോഗത്തിൽ കുവൈത്ത് പ്രതിനിധികൾ

വിമാനത്താവള ആക്രമണം: ഇറാന് തിരിച്ചടി; കുവൈത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ.സി.എ.ഒ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, സിവിലിയൻ സൗകര്യങ്ങൾ, വ്യോമയാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള കുവൈത്തിന്റെ പരാതി അന്താരാഷ്ട്ര സിവിലിയൻ വ്യോമയാന സംഘടന കൗൺസിൽ ശരിവെച്ചു.

ഓൺലൈനായി ചേർന്ന ഐ.സി.എ.ഒ കൗൺസിലിന്റെ 238-ാമത് യോഗത്തിലാണ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് കുവൈത്ത് സമർപ്പിച്ച ഔദ്യോഗിക പ്രതിഷേധ കത്തുകളിൽ വിശദമായ ചർച്ചകൾക്ക് ശേഷമാണ് കൗൺസിൽ തീരുമാനമെടുത്തതെന്ന് ഡി.ജി.സി.എ വ്യക്തമാക്കി.

ഐ.സി.എ.ഒ കൗൺസിൽ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരം കുവൈത്ത് വ്യോമയാന അതോറിറ്റി മേധാവി രാജ്യത്തിന്റെ നിലപാട് യോഗത്തിൽ വിശദീകരിച്ചു. അയൽരാജ്യങ്ങൾക്കെതിരെയുള്ള തങ്ങളുടെ നടപടികളുടെ നിയമസാധുതയെക്കുറിച്ച് ഇറാൻ സമർപ്പിച്ച വർക്കിങ് പേപ്പറും, അതിനെതിരെയുള്ള കുവൈത്തിന്റെ ശക്തമായ എതിർപ്പുകളും യോഗം വിലയിരുത്തി.

ആക്രമണങ്ങൾ തെളിയിക്കുന്ന ചിത്രങ്ങളും മറ്റ് അനുബന്ധ രേഖകളും ഉൾപ്പെടെ ജൂൺ അഞ്ച്, ജൂൺ 11 തീയതികളിൽ കുവൈത്ത് സമർപ്പിച്ച പ്രതിഷേധ കത്തുകൾ മറ്റ് അംഗരാജ്യങ്ങൾക്കിടയിൽ വിതരണം ചെയ്തിരുന്നു. യോഗത്തിന്റെ തുടക്കത്തിൽ ഐ.സി.എ.ഒ സെക്രട്ടറി ജനറൽ ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. ഇറാന്റെ അവകാശവാദങ്ങളിൽ തെറ്റായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കൗൺസിൽ നിരീക്ഷിച്ചു.

കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ച സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ശൈഖ് എഞ്ചിനീയർ ഹമൂദ് മുബാറക് അൽ ഹമൂദ് അസ്സബാഹ്, ഐ.സി.എ.ഒ കൗൺസിലും അറബ് ഗ്രൂപ്പും നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചു. അന്താരാഷ്ട്ര സിവിലിയൻ വ്യോമയാന മേഖലയുടെ സംരക്ഷണം ഉറപ്പാക്കാനും, യാത്രക്കാരുടെയും വ്യോമയാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനും അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണ് ഈ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ അനുസരിച്ച് വിമാനത്താവളങ്ങളുടെയും സിവിലിയൻ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം അതീവ പ്രാധാന്യമുള്ളതാണെന്ന് കുവൈത്ത് വ്യക്തമാക്കി.

യു.എസ്-ഇറാൻ സംഘർഷത്തിന് പിറകെ കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ട് ഇറാൻ നിരവധി തരണ ആക്രമണം നടത്തിയിരുന്നു.

ആക്രമണത്തിൽ വിമാനത്താവള റെഡാർ സംവിധാനം, ഇന്ധന സംഭരണ ടാങ്ക്, കെട്ടിടം എന്നിവക്ക് കേടുപാടുകൾ സംഭവിക്കുകയുണ്ടായി. ടെർമിനൽ ഒന്നിൽ ഈ മാസം മൂന്നിനുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി. ഇതിനെ തുടർന്ന് അടച്ച ടെർമിനൽ ഒന്ന് ഇതുവരെ തുറന്നിട്ടില്ല.

Tags:    
News Summary - Airport attack: Iran strikes back; ICAO expresses support for Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.