കുവൈത്ത് സിറ്റി: ഫലസ്തീൻ പ്രശ്നത്തിന്റെ അവസാനം, ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കൽ എന്നിവ സംബന്ധിച്ച് യു.എൻ പൊതുസഭ അംഗീകരിച്ച കരട് പ്രമേയത്തെ കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ പ്രശംസിച്ചു.
ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനും മിഡിൽ ഈസ്റ്റിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനുമുള്ള കൂട്ടായ ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണിതെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും തത്ത്വങ്ങളോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിബദ്ധതയാണ് യു.എൻ പ്രഖ്യാപനം സാക്ഷാത്കരിക്കുന്നത്. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ഉപരോധം, പട്ടിണി, സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം എന്നിവയെയും അപലപിക്കുന്നു. ഇസ്രായേൽ നടത്തുന്ന ഗുരുതര നിയമലംഘനങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന അവബോധത്തിന്റെ സൂചനയാണിത്. വിഷയത്തിൽ സൗദി അറേബ്യയും ഫ്രാൻസും നടത്തിയ ശ്രമങ്ങളെ അൽ യഹ്യ അഭിനന്ദിച്ചു. ദ്വിരാഷ്ട്ര പരിഹാരം, സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനുള്ള അവകാശം എന്നിവക്കായി ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടത്തിന് കുവൈത്തിന്റെ ഉറച്ച പിന്തുണയും മന്ത്രി ആവർത്തിച്ചു.
ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ലക്ഷ്യമിടുന്ന ‘ന്യൂയോർക് പ്രഖ്യാപന’ പ്രമേയം കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്ര സഭ പൊതുസഭ പാസാക്കിയത്. പ്രമേയത്തിന് അനുകൂലമായി കുവൈത്ത് അടക്കം 142 രാജ്യങ്ങൾ വോട്ട് ചെയ്തു. ഇസ്രായേൽ, അമേരിക്ക, അർജന്റീന, ഹംഗറി തുടങ്ങിയ 10 രാഷ്ട്രങ്ങൾ എതിർത്തു. 12 രാജ്യങ്ങൾ വിട്ടുനിന്നു.ഫ്രാൻസാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ അറബ് രാജ്യങ്ങളെല്ലാം പിന്തുണച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, സംഘർഷത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക, മേഖലയിലെ എല്ലാ ജനവിഭാഗങ്ങളുടെയും മികച്ച ഭാവിക്കായുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പ്രമേയം ആഹ്വാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.