കുവൈത്ത് സിറ്റി: 16ാമത് കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നിർണായക മുന്നേറ്റം നടത്തി. 50 അംഗ പാർലമെൻറിൽ 24 സീറ്റുകൾ വിജയിക്കാൻ അവർക്ക് കഴിഞ്ഞു. പാർട്ടി അടിസ്ഥാനത്തിൽ അല്ല കുവൈത്തിൽ തെരഞ്ഞെടുപ്പ് എങ്കിലും സർക്കാറിനെ എതിർക്കുന്ന വ്യക്തികളും സലഫി, ഇഖ്വാൻ ധാരകളെ പിന്തുണക്കുന്നവരെയുമാണ് പൊതുവെ പ്രതിപക്ഷമായി വിലയിരുത്തുന്നത്. കഴിഞ്ഞ തവണ ഇത്തരത്തിൽ 16 പേരാണുണ്ടായിരുന്നത്. 29 പേർ മത്സരിച്ചിരുന്നുവെങ്കിലും ഒരു വനിതക്ക് പോലും പാർലമെൻറിലെത്താൻ കഴിഞ്ഞില്ല. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിെൻറ ഫലം ഞായറാഴ്ച ഉച്ചയോടെ പുറത്തുവന്നു.
സിറ്റിങ് എം.പിമാരുടെ കൂട്ടത്തോൽവിയാണ് തെരഞ്ഞെടുപ്പ് ഫലത്തിലെ മറ്റൊരു സവിശേഷത. 43 സിറ്റിങ് എം.പിമാർ മത്സരിച്ചതിൽ 19 പേർക്ക് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. 24 പേർ പരാജയപ്പെട്ടതിൽ മന്ത്രിസ്ഥാനമുണ്ടായിരുന്ന ഏക എം.പിയായ മുഹമ്മദ് നാസർ അൽ ജബ്രിയും ഏക വനിത എം.പിയായ സഫ അൽ ഹാഷിമും ഉൾപ്പെടും. യുവാക്കൾക്ക് പ്രാമുഖ്യമുള്ളതാണ് പുതിയ പാർലമെൻറ്. വിജയിച്ചവരിൽ 30 പേർ 45 വയസ്സിൽ താഴെയുള്ളവരാണ്.
വിജയിച്ചവരിൽ 21 പുതുമുഖങ്ങളാണ്. മുസ്ലിം ബ്രദർഹുഡുമായി ബന്ധമുള്ള ഇസ്ലാമിക് കോൺസ്റ്റിറ്റ്യൂഷനൽ മൂവ്മെൻറ് മൂന്ന് സീറ്റിലും ശിയ ന്യൂനപക്ഷ വിഭാഗങ്ങൾ ആറ് സീറ്റിലും വിജയിച്ചു. സ്പീക്കർ മർസൂഖ് അൽ ഗാനിം, ഡെപ്യൂട്ടി സ്പീക്കർ ഇൗസ അഹ്മദ് അൽ കൻദരി, പ്രതിപക്ഷത്തെ പ്രമുഖരായ അബ്ദുൽ കരീം അൽ കൻദരി, ഖലീൽ അൽ സാലിഹ്, യൂസുഫ് അൽ ഫദ്ദാല, ഉസാമ അൽ ഷാഹീൻ തുടങ്ങി പ്രമുഖർ വിജയിച്ചു. അഞ്ച് മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 66 ശതമാനം വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 70 ശതമാനമായിരുന്നു. അഞ്ചാം മണ്ഡലത്തിൽനിന്ന് മത്സരിച്ച ഹംദാൻ സാലിം അൽ ആസ്മിയാണ് (8387) ഏറ്റവും കൂടുതൽ വോട്ടുനേടിയത്. ഒന്നാം മണ്ഡലത്തിലെ ഉസാമ അൽ ഷാഹീൻ (2167) ആണ് വിജയിച്ചവരിൽ ഏറ്റവും കുറഞ്ഞ വോട്ട് സ്വന്തമാക്കിയത്. പുതിയ പാർലമെൻറ് അംഗങ്ങളെ തെരഞ്ഞെടുത്ത സാഹചര്യത്തിൽ ചട്ടപ്രകാരം പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. ഡിസംബർ 15നാണ് പുതിയ പാർലമെൻറിെൻറ ആദ്യ സെഷൻ. അതിന് മുമ്പായി പുതിയ മന്ത്രിസഭ നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.