കുവൈത്ത് സിറ്റി: കിഴക്കൻ ചൈനയിലെ ഷാങ്ഹായ് നഗരത്തിൽ കുവൈത്ത് സ്റ്റേറ്റ് കോൺസുലേറ്റിന്റെ പുതിയ കെട്ടിടം തുറന്നു. കോൺസൽ ജനറൽ മിഷാൽ അൽ ഷമാലിയുടെ നേതൃത്വത്തിലാണ് ഓഫിസ് പ്രവർത്തിക്കുക.
ഓഫിസ് തുറക്കുന്നതിനായി പിന്തുണ നൽകിയതിന് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിനും ഷാങ്ഹായ് മുനിസിപ്പാലിറ്റിക്കും കോൺസൽ ജനറൽ മിഷാൽ അൽ ഷമാലി നന്ദി രേഖപ്പെടുത്തി.
ചൈനയിൽ കൊറോണ വൈറസ് വ്യാപകമായത് ഓഫിസ് ഉദ്ഘാടനം വൈകിപ്പിച്ചെങ്കിലും കോൺസുലേറ്റ് ജീവനക്കാരുടെ പരിശ്രമത്തിലൂടെയും ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തിലൂടെയും പുതിയ കെട്ടിടം നമുക്ക് യാഥാർഥ്യമാക്കാൻ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 51 ാം വാർഷികം മൂന്നുമാസങ്ങൾക്കുമുമ്പ് ആഘോഷിച്ചിരുന്നെന്നും കോൺസുലേറ്റിന്റെ പുതിയ ഓഫിസ് കൂടി യാഥാർഥ്യമായതോടെ ബന്ധം കൂടുതൽ ഊഷ്മളമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ആദ്യം കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ചൈനയിൽ നടത്തിയ സന്ദർശനവും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയും ഫലപ്രദമാവുകയും ചെയ്തെന്നും മിഷാൽ അൽ ഷമാലി ചൂണ്ടിക്കാട്ടി.ഇത് സഹകരണത്തിന് ആക്കം കൂട്ടി. അത് എല്ലാ മേഖലകളിലും സ്ഥിരമായി വളരുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയിലെ ഷാങ്ഹായിയിൽ തുറന്ന കുവൈത്ത് കോൺസുലേറ്റിന്റെ പുതിയ കെട്ടിടത്തിന് മുന്നിൽ കോൺസൽ ജനറൽ മിഷാൽ അൽ ഷമാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.