കുവൈത്ത് സിറ്റി: രാജ്യത്തിനു പുറത്ത് കഴിയുന്ന 40,000ത്തോളം പ്രവാസികളുടെ താമസരേഖ റദ്ദായതായി താമസ കാര്യ വിഭാഗം ഡയറക്ടർ ജനറൽ ഹമദ് റഷീദ് അൽ തവാല പറഞ്ഞു. സ്പോൺസർക്കോ പകരക്കാരനോ വിസ പുതുക്കാൻ അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താത്തവരാണ് വെട്ടിലായത്. ഇവർക്ക് ഇനി പുതിയ വിസയിൽ മാത്രമേ വരാൻ കഴിയൂ.
കോവിഡ് പ്രതിസന്ധി മൂലം വിമാന സർവീസ് നിലച്ച പശ്ചാത്തലത്തിലാണ് സ്പോൺസർക്കോ മൻദൂബിനോ നിലവിൽ രാജ്യത്ത് ഇല്ലാത്ത വിദേശികളുടെ വിസ പുതുക്കാൻ അവസരം നൽകിയിരുന്നത്. നിരവധി പേർ ഇത് പ്രയോജനപ്പെടുത്തുകയും ചെയ്തു. അജ്ഞത മൂലമോ അശ്രദ്ധ മൂലമോ 40000ത്തോളം പേരുടെ വിസ പുതുക്കിയില്ല. വിസ കാലാവധി കഴിയുന്ന, രാജ്യത്തിനകത്തുള്ളവർക്ക് ആഗസ്റ്റ് 31 വരെ സ്വമേധയാ ദീർഘിപ്പിച്ച് നൽകുകയും പുറത്തുള്ളവരുടെ ഇഖാമ സ്പോൺസർക്കും മൻദൂബിനും പുതുക്കാൻ അനുമതി നൽകുകയുമാണ് ചെയ്തത്.
കോവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യക്കാരും ഇൗജിപ്തുകാരുമായ 7000 തൊഴിലാളികൾ വിസ റദ്ദാക്കി സ്ഥിരമായി രാജ്യം വിട്ടതായും അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.