കുവൈത്ത് സിറ്റി: പാസ്പോർട്ട് അപേക്ഷയോടൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടു പേരുടെ സിവിൽ ഐഡി പകർപ്പ് വെക്കണമെന്ന ഉത്തരവ് ഇന്ത്യൻ എംബസി പിൻവലിച്ചു. പാസ്പോ ർട്ട് സേവനങ്ങൾ നൽകുന്ന കോക്സ് ആൻഡ് കിങ്സ് ഏജൻസിക്ക് അയച്ച പുതുക്കിയ സർക്കുലർ പ്രകാരം രണ്ടുപേരുടെ സിവിൽ െഎഡി പകർപ്പ് വേണ്ടതില്ല. എന്നാൽ, ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ ഏതെങ്കിലും രണ്ട് അംഗീകൃത തിരിച്ചറിയൽ രേഖ അപേക്ഷയോടൊപ്പം വെക്കണം. ആധാർ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയെല്ലാം പരിഗണിക്കും. സുഹൃത്തുക്കളുടെ സിവിൽ െഎഡി പകർപ്പ് സമർപ്പിക്കുന്നതിലുള്ള ബുദ്ധിമുട്ട് നിരവധിപേർ അറിയിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച പുതിയ ഉത്തരവ് ഇറക്കിയത്.
പുതിയ പാസ്പോർട്ട് ലഭിക്കുന്നതിനോ നിലവിലുള്ളത് പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ പേര്, മേൽവിലാസം എന്നിവക്കൊപ്പം സിവിൽ ഐഡി പകർപ്പ്, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ നിർബന്ധമായും കൂടെ വെക്കണമെന്നാണ് കഴിഞ്ഞയാഴ്ച ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇക്കാര്യം അറിയാതെ സേവനകേന്ദ്രത്തിലെത്തിയ നിരവധിപേർക്ക് അപേക്ഷ സമർപ്പിക്കാനാകാതെ മടങ്ങേണ്ടി വന്നു. ദുരുപയോഗം ചെയ്യാനുള്ള സാധ്യത പരിഗണിച്ച് സിവിൽ െഎഡി പകർപ്പ് നൽകാൻ ആളുകൾ തയാറാവാത്ത സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.