കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾ നാട്ടിലയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശം വീണ്ടും ചർച്ചയാകുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെൻറിലെ ഹ്യൂമൻ റിസോഴ്സസ് കമ്മിറ്റിയാണ് നിർദേശം വീണ്ടും അവതരിപ്പിക്കാൻ തീരുമാനിച്ചത്. നടപ്പു പാർലമെൻറ് സമ്മേളനത്തിൽ നികുതി നിർദേശം ചർച്ചയാകുമെന്നാണ് സൂചന. ഒന്നിലേറെ തവണ പാർലമെൻറ് തള്ളിയ നികുതി നിർദേശവുമായി മുന്നോട്ടുപോകുമെന്നാണ് ഹ്യൂമൻ റിസോഴ്സ് കമ്മിറ്റിയുടെ നിലപാട്. റെമിറ്റൻസ് ടാക്സ്, വിദേശികളുടെ എണ്ണം കുറക്കൽ, ശമ്പള പരിഷ്കരണം എന്നിവയാണ് മുൻഗണനാ പട്ടികയിലുള്ളതെന്നു സമിതി അധ്യക്ഷനായ ഖലീൽ അൽ സ്വാലിഹ് എം.പി പറഞ്ഞു.
ജനസംഖ്യ സന്തുലനം സാധ്യമാക്കുന്നതിന്, തൊഴിലാളികളെ അയക്കുന്ന വിദേശ രാജ്യങ്ങൾക്ക് േക്വാട്ട ഏർപ്പെടുത്തണമെന്ന നിർദേശം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനം മുതൽ അഞ്ചുശതമാനം വരെ നികുതി ഏർപ്പെടുത്തണമെന്ന നിർദേശം ഇതാദ്യമായല്ല ചർച്ചയാകുന്നത്. റെമിറ്റൻസ് ടാക്സ് നടപ്പാക്കിയാൽ സമ്പദ്ഘടനയിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കും എന്ന് വിലയിരുത്തി നേരത്തെ കുവൈത്ത് മന്ത്രിസഭ നിർദേശം നിരാകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.