ഖ​ന​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ പ്ര​ധാ​ന സ്ഥ​ലം

ചരിത്രത്തിലേക്ക് വെളിച്ചം വിശി ഫൈലക്ക; ഉമവി, അബ്ബാസിയ കാലഘട്ടങ്ങളിലെ തെളിവുകൾ

കുവൈത്ത്‌ സിറ്റി: ചരിത്രമുറങ്ങുന്ന ഫൈലക്ക ദ്വീപിൽ നിന്ന് നൂറ്റാണ്ടുകൾക്ക് പിറകിലെ മറ്റൊരു കണ്ടെത്തൽ കൂടി. ദ്വീപിന്റെ മധ്യഭാഗത്തുള്ള അൽഖുസൂർ മൊണാസ്ട്രിയിൽ നിന്ന് സിറിയക് ലിഖിതങ്ങൾ ആലേഖനം ചെയ്ത മൺപാത്രങ്ങളും ഉമയ്യദ്, ആദ്യകാല അബ്ബാസിദ് കാലഘട്ടങ്ങളിലെ തെളിവുകളും ഉൾപ്പെടെയുള്ള സുപ്രധാന പുരാവസ്തുക്കൾ കണ്ടെത്തി.

 

കുവൈത്ത്-ഫ്രഞ്ച് സംയുക്ത ദൗത്യസംഘമാണ് വലിയ രൂപത്തിലുള്ള വാസ്തുവിദ്യാ അവശിഷ്ടങ്ങൾ, കൃത്രിമ ബസാൾട്ടിന്റെ ആദ്യകാല ഉദാഹരണങ്ങൾ, സിറിയക് ലിപിയുള്ള മൺപാത്രങ്ങൾ എന്നിവ കണ്ടെത്തിയത്. ഫൈലക്ക ദ്വീപിൽ കിഴക്കൻ സിറിയക് പാരമ്പര്യങ്ങൾ പിന്തുടർന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം ഇത് സൂചിപ്പിക്കുന്നു.

ഇസ്‍ലാമിന്റെ പരിവർത്തനഘട്ടം

2011 മുതൽ നടന്നുകൊണ്ടിരിക്കുന്ന ഫൈലക്ക ദ്വീപിൽ ഖനനങ്ങൾ, സി.ഇ എഴാം നൂറ്റാണ്ടിന്റെ മധ്യം മുതൽ ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള ഒരു സന്യാസ വാസസ്ഥലം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യൻ കാലഘട്ടത്തിൽ നിന്ന് ആദ്യകാല ഇസ്‍ലാമിലേക്കുള്ള പരിവർത്തനത്തിലേക്ക് വെളിച്ചം വീശുന്ന ഫൈലക്ക ദ്വീപിന്റെ നാഴികക്കല്ലാണ് ഈ കണ്ടെത്തൽ എന്ന് കുവൈത്ത് സർവകലാശാലയിലെ പ്രഫസർ ഹസ്സൻ അഷ്കനാനി വിശേഷിപ്പിച്ചു.

 

1,200 വർഷങ്ങൾക്ക് മുമ്പ് ദ്വീപിലെ ദൈനംദിന, സാമ്പത്തിക, മത ജീവിതത്തെക്കുറിച്ചുള്ള അപൂർവ ഉൾക്കാഴ്ച നൽകുന്ന, ഓസ്ട്രാക്കയിലെ സിറിയക്, പേർഷ്യൻ ലിഖിതങ്ങൾ, നാണയങ്ങൾ, അലങ്കരിച്ച ഒരു സുഗന്ധദ്രവ്യ കുപ്പി, ഭക്ഷ്യ സംസ്കരണ സ്ഥാപനങ്ങൾ എന്നിവ ഈ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു.

സഹവർത്തിത്വത്തിന്റെ തെളിവുകൾ

വലിയ ഒരു പള്ളി, ഭക്ഷണശാല, വിപുലമായ ഭക്ഷണ-പാചക സമുച്ചയം എന്നിവയുള്ള ഒരു ആശ്രമം എന്നിവ ഈ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. ഇത് ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെ ക്രിസ്ത്യൻ-ഇസ്ലാമിക് സഹവർത്തിത്വത്തിന്റെ തെളിവുകൾ എടുത്തുകാണിക്കുന്നതായി ഫ്രഞ്ച് മിഷൻ സൂപ്പർവൈസർ ഡോ. ജൂലി ബോണെറിക് പറഞ്ഞു.

പ്രദേശത്ത് പന്ത്രണ്ടാം ഉത്ഖനന സീസൺ നവംബർ 17 ന് ആരംഭിച്ചതായും ആശ്രമത്തിന്റെ ആദ്യകാല ഘട്ടത്തിലും അതിലെ സന്യാസിമാരുടെ ദൈനംദിന ജീവിതത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഭക്ഷ്യ സംസ്കരണ കെട്ടിടം

പള്ളിക്ക് എതിർവശത്തുള്ള ഒരു ഭക്ഷ്യ സംസ്കരണ കെട്ടിട അവശിഷ്ടങ്ങളും കണ്ടെത്തി. കറങ്ങുന്ന അരക്കൽ കല്ലുകളെ താങ്ങിനിർത്താൻ രൂപകൽപന ചെയ്ത രണ്ട് ഇഷ്ടിക തൂണുകൾ ഉൾക്കൊള്ളുന്ന ഒരു മാവ് മില്ലും സംഘം കണ്ടെത്തി.

അരക്കൽ ഉപകരണത്തിന്റെ ഒരു ഭാഗം ഫൈലക്ക ദ്വീപിലെ കല്ലുകൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. മറ്റ് അരക്കൽ കല്ലുകൾ കൃത്രിമ ബസാൾട്ടിൽ നിന്ന് നിർമിച്ച നിലയിലാണ്. ഇത് സ്വാഭാവിക ബസാൾട്ട് പാറയോട് സാമ്യമുള്ളതാണെങ്കിലും കളിമണ്ണും മണലും ഉപയോഗിച്ചാണ് നിർമിച്ചത്.

 

വലിയ ചൂളകളിൽ വളരെ ഉയർന്ന താപനിലയിലാണ് പാകപ്പെടുത്തിയിട്ടുള്ളതെന്നും കുവൈത്ത് പുരാവസ്തു സംഘത്തിലെ അംഗങ്ങളായ സെയ്ഫ് അൽ ബാത്തി ബൂതൈബാൻ, അഹമ്മദ് അൽ തവാദി, അൻവർ അൽ തമീമി എന്നിവർ പറഞ്ഞു.

Tags:    
News Summary - Failaka; Evidence from the Umayyad and Abbasid periods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.