കുവൈത്ത് സിറ്റി: കുവൈത്തിൽ സ്കൂളുകളിൽ പൊതുപരിപാടികൾ നടത്തുന്നതിന് കർശന നിയന്ത്രണം. വിദ്യാഭ്യാസ സഥാപനങ്ങളിൽ മതപരവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി.
മതപരമോ രാഷ്ട്രീയമോ ആയതും വിഭാഗീയതയും പക്ഷപാതവും പ്രോത്സാഹിപ്പിക്കുന്നതുമായ എല്ലാ പ്രവർത്തനവും ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ഹമദ് അൽ ഹമദ് സർക്കുലർ പുറപ്പെടുവിച്ചു.
വിഭാഗീയമോ പക്ഷപാതപരമോ ആയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ, പരിപാടികൾ പ്രവർത്തനങ്ങൾ എന്നിവക്കും ഇത് ബാധകമാണ്. ഏതെങ്കിലും വിദേശ രാജ്യത്തിന്റെ പതാക ഉയർത്തൽ, മറ്റു രാജ്യങ്ങളുടെ ദേശീയഗാനം ആലപിക്കൽ എന്നിവക്കും നിയന്ത്രണം ഉണ്ട്.
സ്കൂളുകളിൽ മുൻകൂർ അനുമതിയില്ലാതെ പൊതുപരിപാടികൾ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച നിയമം കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പു നൽകി. അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിച്ച സ്കൂൾ ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ മന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു. രണ്ട് സംഭവങ്ങളിൽ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.