കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിലെ വാർഷികാവധി 35 ദിവസമായി വർധിപ്പിക്കണമെന്ന നി ർദേശത്തിന് ആദ്യംനൽകിയ പിന്തുണയിൽനിന്ന് സർക്കാർ പിൻവാങ്ങുന്നതായി സൂചന. ഇതിനെതിരെ പാർലമെൻറംഗങ്ങൾ രംഗത്തുവന്നു. ആസൂത്രണകാര്യ മന്ത്രി മറിയം അഖീലിെൻറ സഭയിലെ പ്രസംഗമാണ് സർക്കാർ പിൻവാങ്ങുന്നതിെൻറ സൂചന നൽകിയത്. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശികൾക്ക് നൽകിവരുന്ന സാമൂഹികസുരക്ഷ വിഹിതത്തിൽ കുറവുവരുത്താതെ തന്നെ വാർഷികാവധി നിലവിലുള്ള 30 ദിവസത്തിൽനിന്ന് 35 ആയി വർധിപ്പിക്കാൻ നേരേത്ത സർക്കാർ സന്നദ്ധമായിരുന്നു. സ്വകാര്യ മേഖലയിലെ വിദേശികൾക്കും സ്വദേശികൾക്കും വാർഷികാവധി വർധിപ്പിക്കുന്ന രീതിയിൽ തൊഴിൽനിയമത്തിൽ ഭേദഗതി വരുത്തണമെന്ന നിർദേശം പാർലമെൻറ് കഴിഞ്ഞയാഴ്ച ആദ്യ വായനയിൽതന്നെ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.
എന്നാൽ, ഇപ്പോൾ മന്ത്രി സാമ്പത്തിക ബാധ്യതയെകുറിച്ച് സംസാരിക്കുന്നതാണ് സംശയം ജനിപ്പിച്ചത്. പാർലമെൻറിെൻറ ആരോഗ്യകാര്യ സമിതി മേധാവി ഹമൂദ് അൽ ഖുദൈർ എം.പി സർക്കാറിനോട് നിർദേശത്തെ പിന്തുണക്കണമെന്ന് അഭ്യർഥിച്ചു. കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാൻ നിർദേശം സഹായിക്കും. പാർലമെൻറ് അംഗീകരിച്ച നിർദേശത്തിൽനിന്ന് പിൻവാങ്ങുന്നത് അവരെ നിരാശരാക്കും. നിർദേശത്തെ പിന്തുണക്കുന്നില്ലെങ്കിൽ പാർലമെൻറും സർക്കാറും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. നേരേത്ത ചർച്ചക്കുവന്നപ്പോൾ സഭയിൽ ഹാജരുണ്ടായിരുന്ന 45 എം.പിമാരും വാർഷികാവധി വർധിപ്പിക്കുന്നതിനെ അനുകൂലിച്ചിരുന്നു. ഇതിനുമുമ്പ് 2010ലാണ് വാർഷികാവധി വർധിപ്പിച്ചത്. പാർലമെൻറിൽ സെക്കൻഡ്, ഫൈനൽ വോട്ടിങ്ങും കഴിഞ്ഞ് മന്ത്രിസഭ വിജ്ഞാപനമിറക്കുന്നതോടെ മാത്രമേ നിയമം പ്രാബല്യത്തിലാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.