കുവൈത്ത് സിറ്റി: സർക്കാർ വകുപ്പുകളിൽനിന്ന് വിരമിച്ച കുവൈത്തികളോട് ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ പള്ളികളിൽ ഇമാമും മുഅദ്ദിനുകളുമായി ജോലിക്ക് അപേക്ഷ സമർപ്പിക്കാൻ നിർദേശം. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രി ഡോ. ഫഹദ് അൽ അഫാസിയാണ് സ്വദേശികളായ പെൻഷൻകാരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വദേശിവത്കരണം ശക്തിപ്പെടുത്തണമെന്ന സിവിൽ സർവിസ് കമീഷെൻറ നിർദേശത്തെ തുടർന്നാണിതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ രാജ്യത്തെ പള്ളികളിൽ ഇമാം, മുഅദ്ദിൻ തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും വിദേശികളാണ്.
സിറിയ, ഈജിപ്ത് തുടങ്ങിയ അറബ് വംശജരാണ് ഈ മേഖലകളിൽ കൂടുതലും. മറ്റു വകുപ്പുകളിൽനിന്ന് വിരമിച്ച സ്വദേശികളിൽ പലരും ശരീഅ ബിരുദമുള്ളവരോ മതകാര്യങ്ങളിൽ അവബോധമുള്ളവരോ ആണ്. ഇവരിൽ സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരെയും അല്ലാത്തവരെയും ഒഴിവുവരുന്ന ഇമാം, മുഅദ്ദിൻ തസ്തികകളിൽ നിയമിക്കാനാണ് പദ്ധതി. ഈ ജോലികൾക്ക് അപേക്ഷ സമർപ്പിക്കുന്ന പെൻഷൻകാരുടെ പ്രായം 70 കഴിയാൻ പാടില്ല. ഇൻറർവ്യൂ നടത്തിയ ശേഷം അർഹരായ അപേക്ഷകർക്ക് നിയമനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.