കുവൈത്ത് സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കുവൈത്ത് അനുശോചിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ കർദ്ദിനാൾ കോളജ് ഡീൻ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേക്ക് അനുശോചന സന്ദേശം അയച്ചു.
ലോകമെമ്പാടും സഹവർത്തിത്വം, സ്നേഹം, സമാധാനം എന്നിവയുടെ സംസ്കാരം പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഫ്രാൻസിസ് മാർപാപ്പ നൽകിയ സംഭാവനകളെ അമീർ അനുശോചന സന്ദേശത്തിൽ സൂചിപ്പിച്ചു. സഹോദര മതങ്ങളോടു ഫ്രാൻസിസ് മാർപാപ്പ കാണിച്ച ബഹുമാനവും നീതിയുടെയും സഹിഷ്ണുതയുടെയും ആശയങ്ങളും ഉണർത്തിയ അമീർ മാർപാപ്പയുടെ കുടുംബത്തിനും ബന്ധുക്കൾക്കും ക്ഷമയും ആശ്വാസവും നേർന്നു. കിരീടാവകാശിയും സമാന വാക്കുകൾ പങ്കുവെച്ചു.
കുവൈത്ത് സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ സൗകര്യം ഒരുക്കി കുവൈത്തിലെ വത്തിക്കാൻ എംബസി. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് പൊതുജനങ്ങൾക്ക് ഒപ്പിടുന്നതിനായി എംബസിയിൽ അനുശോചന പുസ്തകം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറു വരെയും രണ്ട് വ്യത്യസ്ത സമയങ്ങളിലാണ് ചടങ്ങുകൾ നടക്കുക.
ഇതിലൂടെ പോപ്പിന് ആദരാഞ്ജലികൾ അർപ്പിക്കാൻ കുവൈത്ത് നിവാസികൾക്ക് അവസരം ലഭിക്കും. വെള്ളിയാഴ്ച രാവിലെ 9:15ന് കുവൈത്ത് സിറ്റിയിലെ ഹോളി ഫാമിലി കത്തീഡ്രലിൽ അനുസ്മരണ ദിവ്യബലി നടക്കും. ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂജന്റ് കുർബാനക്കും പ്രാർഥനകൾക്കും നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.