കുവൈത്ത് സിറ്റി: നൃത്ത-നൃത്യ -ഗാനവിസ്മയമൊരുക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സാംസ്കാരിക മെഗാ പരിപാടി ‘മയൂഖം 2017’ സമാപിച്ചു. ഹവല്ലി ഖാദിസിയ സ്പോർട്സ് ക്ലബിൽ നടന്ന മെഗാ പരിപാടി കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭക്തിയെ കലാപത്തിെൻറ രൂപത്തിലേക്ക് മാറ്റുന്ന പ്രവണത സാംസ്കാരിക മുന്നേറ്റത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കല കുവൈത്ത് മാതൃഭാഷാ പഠനപ്രവർത്തനങ്ങളുടെ ഈ വർഷത്തെ ഉദ്ഘാടനം നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ നിർവഹിച്ചു. മാതൃഭാഷ പഠനം വ്യാകരണങ്ങളിൽ കുടുങ്ങിക്കിടക്കാതെ, അനുഭവങ്ങളിലൂടെ നേടണമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭാഷ പ്രവർത്തന റിപ്പോർട്ട് മാതൃഭാഷാ സമിതി ജനറൽ കൺവീനർ സജീവ് എം. ജോർജ് അവതരിപ്പിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (ലേബർ) യു.എസ്. സിബി സംസാരിച്ചു. കല പ്രസിഡൻറ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. കല കുവൈത്ത് ഏർപ്പെടുത്തിയ ആർ. രമേശ് സ്മാരക പ്രവാസി പുരസ്കാരം സൗദിയിലെ ജീവകാരുണ്യ പ്രവർത്തകൻ ഇ.എം. കബീറിന് സ്പീക്കർ സമ്മാനിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട കലയുടെ മുതിർന്ന പ്രവർത്തകൻ അജിത്കുമാറിന് ഉപഹാരം നൽകി.
നായനാർ അനുസ്മരണക്കുറിപ്പ് കല ജോയൻറ് സെക്രട്ടറി പ്രസീത് കരുണാകരൻ അവതരിപ്പിച്ചു. കലയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം വി.കെ. ശ്രീരാമൻ നിർവഹിച്ചു. കല കുവൈത്ത് സാഹിത്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നടത്തിയ കഥ-, കവിത രചനാ മത്സരങ്ങളുടെ സമ്മാനദാനം അതിഥികൾ നിർവഹിച്ചു. പരിപാടിയുടെ മുഖ്യ പ്രായോജകരായ ബി.ഇ.സി കൺട്രി മാനേജർ മാത്യു വർഗീസ്, കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ ജോൺ മാത്യു എന്നിവർ സംസാരിച്ചു. ട്രഷറർ രമേശ് കണ്ണപുരം, വൈസ് പ്രസിഡൻറ് നിസാർ, കേന്ദ്ര കമ്മിറ്റി അംഗം സി.കെ. നൗഷാദ്, വനിതാവേദി പ്രസിഡൻറ് ശാന്ത ആർ. നായർ, ബാലവേദി ജനറൽ സെക്രട്ടറി ഹന്നാ സജി, പ്രഫഷനൽ ഫോറം കുമാർ, ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവർ സംബന്ധിച്ചു. മേയ് അഞ്ചിന് നടന്ന ബാലകലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം വേദിയിൽ നടന്നു. കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് എസ്. നായർ, കലാതിലകം നന്ദ പ്രസാദ് എന്നിവർക്കുള്ള സ്വർണ മെഡലുകൾ മാനേജർ മാത്യു വർഗീസും ഗൾഫ് ഇന്ത്യൻ സ്കൂളിനുള്ള ഓവറോൾ കിരീടം മുഖ്യാതിഥിയും സമ്മാനിച്ചു. രാവിലെ 11ന് കലാപരിപാടികളോടുകൂടിയാണ് മെഗാ പരിപാടി ആരംഭിച്ചത്.
കല കുവൈത്ത് പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വേദിയിൽ അവതരിപ്പിച്ചു. വൈകീട്ട് പ്രശസ്ത സിനിമ പിന്നണി ഗായകരായ സുധീപ് കുമാറും രാജലക്ഷ്മിയും അവതരിപ്പിച്ച സംഗീതസന്ധ്യയുണ്ടായി. വിപ്ലവ-നാടക ഗാനങ്ങളും അവതരിപ്പിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.