ഗസ്സക്ക് 10 ടൺ ഭക്ഷ്യവസ്തുക്കളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കടുത്ത ഭക്ഷ്യക്ഷാമവും ദുരിതവും അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് കുവൈത്ത് സഹായം തുടരുന്നു. ഗസ്സക്ക് 10 ടൺ ഭക്ഷ്യവസ്തുക്കളുമായി കുവൈത്തിന്റെ മാനുഷിക സഹായ വിമാനം ഞായറാഴ്ച ഈജിപ്തിലെ അരിഷ് വിമാനത്താവളത്തിലെത്തി. ഗസ്സയിലേക്കുള്ള രണ്ടാമത്തെ എയർ ബ്രിഡ്ജിന്റെ ഭാഗമായി ഈജിപ്ത്, ജോർഡൻ എന്നിവ വഴി കുവൈത്ത് അയക്കുന്ന പതിനാറാമത് മാനുഷിക സഹായ വിമാനമാണിത്. ഇതോടെ കുവൈത്ത് ഗസ്സയിലേക്ക് 310 ടൺ ഭക്ഷ്യ സഹായം അയച്ചു.
സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിക്കുന്നത്. സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കുന്നതിന് വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങളുമായി തുടർച്ചയായ എകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരണവും കെ.ആർ.സി.എസ് നടത്തിവരുന്നുണ്ട്. ഈജിപ്ത്, ജോർഡൻ കുവൈത്ത് എംബസികൾ, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുമായും കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്.
നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചും ലോകമെമ്പാടുമുള്ള പ്രയാസപ്പെടുന്നവരെ പിന്തുണക്കുന്നതിനുള്ള കുവൈത്തിന്റെ നയത്തിന്റെയും ഭാഗമായി ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അടിയന്തര ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് കെആർസിഎസ് ചെയർമാൻ ഖാലിദ് അൽ മുഗാമിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.