ജെയിംസ് ക്ലെവർലി
കുവൈത്ത് സിറ്റി: കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ബന്ധം ചരിത്രപരവും ശക്തവുമാണെന്ന് ബ്രിട്ടീഷ് വിദേശ, കോമൺവെൽത്ത്, വികസനകാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ക്ലെവർലി. ഭാവിയിൽ ഇവ കൂടുതൽ വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കുവൈത്ത് സന്ദർശനത്തിനിടെ കുവൈത്ത് ന്യൂസ് ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിൽ 125 വർഷത്തെ ബന്ധമുണ്ട്. കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫിസ് ലണ്ടനിൽ തുറന്നതിന്റെ 70ാം വാർഷികം ആഘോഷിക്കുന്നതും അദ്ദേഹം സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ സൂചനയാണിത്.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായുള്ള കൂടിക്കാഴ്ചയിലും ജെയിംസ് ക്ലെവർലി സന്തോഷം പ്രകടിപ്പിച്ചു. എല്ലാ തലങ്ങളിലുമുള്ള ഉഭയകക്ഷി ബന്ധങ്ങളും കിരീടാവകാശിയുമായി ചർച്ച ചെയ്തു. കുവൈത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനു ബ്രിട്ടൻ പ്രതിജ്ഞാബദ്ധമാണ്. ഇറാഖ് അധിനിവേശ സമയത്ത് കുവൈത്തിനൊപ്പം നിൽക്കുന്നതിൽ തന്റെ രാജ്യത്തിന്റെ പങ്ക് ചൂണ്ടിക്കാട്ടി ജെയിംസ് ക്ലെവർലി പറഞ്ഞു.
മിഡിലീസ്റ്റ് മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് കുവൈത്തുമായി സഹകരിക്കാൻ ബ്രിട്ടൻ തയാറാണെന്നും രാഷ്ട്രീയ സംഘർഷങ്ങൾക്ക് പകരം ചർച്ചയിലേക്ക് തിരിയാൻ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര വ്യാപാരമേഖല കരാറിൽ ഒപ്പുവെക്കുന്നതിലൂടെ ജി.സി.സി രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതായും ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.ഫലസ്തീനെയും അവിടത്തെ ജനങ്ങളെയും കുവൈത്ത് തുടർച്ചയായി പിന്തുണക്കുന്നുണ്ട്.
മേഖലയിൽ സമാധാനം കൈവരിക്കുന്നതിന് കുവൈത്തിനൊപ്പം ബ്രിട്ടനും ‘ഇരു-രാഷ്ട്ര’ പരിഹാരം എന്ന വീക്ഷണം പങ്കിടുന്നുവെന്നും ക്ലെവർലി പറഞ്ഞു.കുവൈത്തിലെത്തിയ ജെയിംസ് ക്ലെവർലി കിരീടാവകാശിക്കു പുറമെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയും ധനകാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്ക്, വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.