കുവൈത്ത് സിറ്റി: വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിച്ച് കുവൈത്തും ജപ്പാനും. വെള്ളിയാഴ്ച ടോക്കിയോയിൽ നടന്ന ഇരു വിദേശകാര്യ മന്ത്രാലയങ്ങളുടെയും അഞ്ചാമത് നയരൂപീകരണ യോഗത്തിൽ ഊർജ്ജം, ഭക്ഷ്യ വ്യാപാരം, പ്രാദേശിക സ്ഥിരത എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം തുടരാൻ ധാരണയായി.
യോഗത്തിൽ ഏഷ്യൻ കാര്യങ്ങളുടെ കുവൈത്ത് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമീഹ് ഹയാത്തും ജപ്പാൻ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി തോഷിഹിഡെ ആൻഡോയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
യോഗത്തിൽ ജപ്പാനിലേക്കുള്ള കുവൈത്തിന്റെ ദീർഘകാലമായുള്ള അസംസ്കൃത എണ്ണ വിതരണത്തെ ജപ്പാൻ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഊർജ്ജ സഹകരണം കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള താൽപര്യവും ഇരുവിഭാഗവും പ്രകടിപ്പിച്ചു. കുവൈത്തിലേക്കുള്ള ജപ്പാൻ ബീഫ് ഇറക്കുമതിക്കുള്ള നിരോധനം നീക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ആവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിന്റെയും കിഴക്കൻ ഏഷ്യയുടെയും സ്ഥിരതക്കായി സഹകരണം ശക്തിപ്പെടുത്താനും ഇരുവരും ധാരണയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.