പൊലീസ് പരിശോധനയിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ നടപ്പാതകൾ കൈയേറുന്ന വാഹനങ്ങൾക്കെതിരെ ട്രാഫിക് വകുപ്പിന്റെ പ്രത്യേക പരിശോധന.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ നടപ്പാതകൾ ഉപയോഗിക്കുന്നതായി വ്യാപക ആശങ്കകളെ തുടർന്നാണ് നടപടി. നടപ്പാതകളിലൂടെ വാഹനം ഓടിക്കുന്നത് കാൽനടയാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും, കുട്ടികൾക്കും, പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കും വലിയ ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി.നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു സാഹചര്യത്തിലും വാഹനങ്ങൾ ഇവ ഉപയോഗിക്കരുത്. ഇത്തരം നടപടി ഗതാഗത നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
ഗതാഗത അച്ചടക്കം ശക്തിപ്പെടുത്തുക, റോഡ് ഗതാഗതം നിയന്ത്രിക്കുക, ജീവൻ അപകടത്തിലാക്കുകയും പൊതു ക്രമം തകർക്കുകയും ചെയ്യുന്ന പെരുമാറ്റങ്ങൾ തടയുക എന്നിവയും പരിശോധന വഴി ലക്ഷ്യമിടുന്നു. അതിനിടെ, കുവൈത്ത് സിറ്റി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 120 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ലംഘനം നടത്തിയ 17 ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. നടപ്പാതകളിൽ വാഹനങ്ങൾ ഓടിക്കുന്നതും പാർക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്നും അറിയിച്ചു. അതേസമയം, സെക്കൻഡ് റിങ് റോഡിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ, ഗതാഗത പരിശോധനയിൽ 231 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. അഞ്ച് വാഹനങ്ങളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. നിയമലംഘകരെ കണ്ടെത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി വിവിധ മേഖലകളിൽ സമാനമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.