കുവൈത്ത് സിറ്റി: ഉൽപാദന ശേഷി വർധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി). 2035 ആകുമ്പോഴേക്കും പ്രതിദിനം നാല് ദശലക്ഷം ബാരൽ എണ്ണ ഉൽപാദന ശേഷി കൈവരിക്കാനാണ് ശ്രമം. 2040വരെ ഈ നില നിലനിർത്തും.
2030ഓടെ പര്യവേക്ഷണ ഡ്രില്ലിങ് പദ്ധതിയിൽ 1.2 ബില്യൺ കുവൈത്ത് ദിനാർ നിക്ഷേപിക്കും. 6,193 എണ്ണക്കിണറുകൾ കുഴിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഇത് ഉപയോഗിക്കുമെന്നും കെ.ഒ.സി പര്യവേക്ഷണ, ഡ്രില്ലിങ് ഡെപ്യൂട്ടി സി.ഇ.ഒ ഖാലിദ് അൽ മുല്ല പറഞ്ഞു. മൊത്തം ശേഷിയിലേക്ക് കുവൈത്ത് ഓയിൽ കമ്പനി പ്രതിദിനം 3.65 ദശലക്ഷം ബാരൽ സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂട്രൽ സോണിൽനിന്ന് ഉൽപാദിപ്പിക്കുന്ന ബാക്കി സൗദി അറേബ്യയുമായി പങ്കിടും. കൃത്രിമബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സംയോജനം എണ്ണ പര്യവേക്ഷണത്തിൽ ഉപയോഗപ്പെടുത്തും. മുമ്പ് സാമ്പത്തികമായി പ്രതികൂലമായിരുന്നതും ആഴമേറിയതുമായ സംഭരണികളെ ഇവ ഉപയോഗിച്ച് ഉൽപാദനത്തിന് അനുയോജ്യമാക്കിയിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ കുവൈത്തിലെ മുത്രിബ ഫീൽഡ് ഈ വർഷം ഉൽപാദനം ആരംഭിച്ചു. ഇത് കണ്ടെത്തി പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഉൽപാദനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2024 ജൂലൈ മുതൽ കെ.ഒ.സി മൂന്ന് പ്രധാന ഓഫ്ഷോർ എണ്ണ, വാതക കണ്ടെത്തലുകൾ നടത്തി. ആറ് കിണറുകൾ ഉൾപ്പെടെ ആദ്യ ഓഫ്ഷോർ പര്യവേക്ഷണ ഘട്ടത്തിൽ 100 ശതമാനം വിജയശതമാനം കൈവരിച്ചു. 18 അധിക കിണറുകൾ ഉൾപ്പെടുത്തിക്കൊണ്ട് രണ്ടാം ഘട്ടം ആരംഭിക്കും. 2035 ആകുമ്പോഴേക്കും ഏകദേശം 150,000 ബാരൽ ഓഫ്ഷോർ ഉൽപാദനശേഷി കമ്പനി പ്രതീക്ഷിക്കുന്നു.
കുവൈത്തിന്റെ ദീർഘകാല ഊർജ സുരക്ഷയും സുസ്ഥിര ഉൽപാദന വളർച്ചയും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് പുതിയ നിക്ഷേപങ്ങൾ എന്നും അൽമുല്ല അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.