കെ.എം.സി.സി വനിതാ മൈലാഞ്ചി മത്സരത്തിൽ മറിയം അൽ ഖബന്ദി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളന പ്രചാരണ ഭാഗമായി കെ.എം.സി.സി വനിത വിങ്ങിന്റെ നേതൃത്വത്തിൽ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിലെ സ്ത്രീകളുടെ പങ്കാളിത്തവും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ ഉമൈബ ഒന്നാം സ്ഥാനം നേടി. ഫാത്തിമ മുഹമ്മദ് രണ്ടാം സ്ഥാനവും നസ്ല മൂന്നാം സ്ഥാനവും നേടി.
ഹെന്ന ഡിസൈനർമാരായ നുസ്റിയ, ഷബ്ന എന്നിവർ വിധികർത്താക്കളായി. മൈലാഞ്ചി കലയുടെ വൈവിധ്യവും സൃഷ്ടിപരമായ മികവും പ്രകടമായ മത്സരത്തിൽ പങ്കെടുത്തവരുടെ ആവേശകരമായ സാന്നിധ്യം പരിപാടിക്ക് ഭംഗി നൽകി.
ഉദ്ഘാടന ചടങ്ങിൽ വനിതാ വിങ് പ്രസിഡന്റ് ഡോ. സഹീമ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുവൈത്ത് സാമൂഹിക-സാംസ്കാരിക പ്രവർത്തക മറിയം അൽ ഖബന്ദി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ കലാപരമായ ഇടപെടലുകൾ സമൂഹത്തെ കൂടുതൽ സമ്പന്നമാക്കുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു.
പ്രവാസി വനിതകൾ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ സാമൂഹിക ഐക്യത്തിനും സാംസ്കാരിക കൈമാറ്റത്തിനും സഹായകരമാണെന്നും ചൂണ്ടിക്കാട്ടി. ആക്ടിങ് ജനറൽ സെക്രട്ടറി ഫസീല ഫൈസൽ സ്വാഗതവും ട്രഷറർ ഫാത്തിമ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
വനിതാ വിംഗ് ഭാരവാഹികളായ സന, ജാസിറ, മുഹ്സിന, റസീന ദിൽഷാന, സുബിതശ്രീഫ്, റസിയ, തസ്നീം, സഫ്ന. ഫരീദ, സാജിദ ഖാലിദ് എന്നിവർ നേതൃത്വം നൽകി.
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള സമ്മാന വിതരണം ജനുവരി രണ്ടിന് നടക്കുന്ന ജില്ല സമ്മേളന വേദിയിൽ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.