ഇന്ത്യൻ എംബസിയിൽ കേരള ദിനാഘോഷം അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി വൈവിധ്യമാർന്ന പരിപാടികളോടെ കേരള ദിനം ആഘോഷിച്ചു. കേരളത്തിലെ പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റും അനുഷ്ഠാന കലാരൂപമായ തെയ്യവും ചെണ്ട മേളവുമായി ആരംഭിച്ച കലാപ്രകടങ്ങൾ സദസ്സിനെ കേരളീയ അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നതായി.
വിവിധ മലയാളി പ്രവാസി അസോസിയേഷനുകൾ അതത് ജില്ലയിലെ പരമ്പരാഗതവും സാംസ്കാരികവുമായ കലാപ്രടകനങ്ങൾ ആഘോഷഭാഗമായി അവതരിപ്പിച്ചു.
കേരള ദിനാഘോഷഭാഗമായി നടന്ന കലാപരിപാടി
തിരുവാതിര, കേരളനടനം, നടവിളി, മാർഗംകളി, ദഫ് മുട്ട്, കോൽക്കളി, കൊളുന്ത് പാട്ട്, വള്ളംകളി, ഒപ്പന, ഗസൽ എന്നിവയും അരങ്ങിലെത്തി. മാർത്താണ്ഡവർമ്മ, പഴശ്ശിരാജ, കുഞ്ഞാലി മരക്കാർ, ആനി മസ്ക്രീൻ, ദാക്ഷായണി നാരായണൻ, അമ്മു സ്വാമിനാഥൻ, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയ ചരിത്രപ്രസിദ്ധമായ കേരളത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന സ്കിറ്റുകളും മോണോലോഗുകളും അവതരിപ്പിച്ചു.
ആഘോഷം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. കേരളീയ കലകളുടെ അതിശയിപ്പിക്കുന്ന അവതരണ മികവിനെ അംബാസഡർ അഭിനന്ദിച്ചു. നവംബർ എട്ടിന് ആന്ധ്രാപ്രദേശിന്റെയും കർണാടകയുടെയും രൂപവത്കരണ ദിനങ്ങളും എംബസിയിൽ ആഘോഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.