ജി.സി.സി ആഭ്യന്തര മന്ത്രിമാർക്കൊപ്പം ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ്
കുവൈത്ത് സിറ്റി: സുരക്ഷ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിലും ജി.സി.സി രാജ്യങ്ങൾ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ്. ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നടന്ന ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് ശൈഖ് തലാലിന്റെ പരാമർശം.
വെല്ലുവിളികളെ നേരിടാനും അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ മുന്നേറാനും ജി.സി.സി രാജ്യങ്ങൾ തമ്മിലെ സഹകരണത്തിന്റെയും സംയോജനത്തിന്റെയും ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നത് തുടരണമെന്നും ആഹ്വാനം ചെയ്തു. സംഘടിത അന്താരാഷ്ട്ര സംഘങ്ങളും പ്രഫഷനൽ ഹാക്കർമാരും സൈബർ കുറ്റകൃത്യങ്ങളുമായി ജി.സി.സി രാജ്യങ്ങളെ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് സൈബർ സുരക്ഷ സംവിധാനങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. സൈബർ സുരക്ഷക്ക് കുവൈത്ത് പ്രത്യേക കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ഏജൻസികൾക്കിടയിൽ പരമാവധി സഹകരണവും വിവര കൈമാറ്റവും നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.