കുവൈത്ത് സിറ്റി: ബജറ്റ് എയർലൈൻസായ ജസീറ എയർവേസ് മേയ് ഒമ്പതുമുതൽ കുവൈത്തിൽനിന്ന് മുംബൈയിലേക്ക് പ്രതിദിന വിമാന സർവിസ് ആരംഭിക്കുന്നു. നിലവിൽ കൊച്ചി, ഹൈദരാബാദ്, അഹ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് ജസീറ എയർവേസ് സർവിസ് നടത്തുന്നുണ്ട്.
എല്ലാ ദിവസവും രാത്രി 8.30ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ മൂന്നു മണിക്ക് മുംെബെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രീതിയിലാണ് ഷെഡ്യൂൾ. കുവൈത്തിൽനിന്ന് മുബൈയിലേക്ക് സർവിസ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് കമ്പനിയുടെ എക്സിക്യുട്ടിവ് പ്രസിഡൻറ് രോഹിത് രാമചന്ദ്രൻ പറഞ്ഞു. കുവൈത്തിലുള്ള ഇന്ത്യക്കാർക്ക് പുതിയ സർവിസ് ആശ്വാസമാകും. കുവൈത്തിൽനിന്ന് ഇന്ത്യക്കുപുറമെ പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് 23 സർവിസുകളാണ് നിലവിൽ കമ്പനിക്കുള്ളത്. എയർബസ് A320 ഇനത്തിൽപ്പെട്ട ഒമ്പത് വിമാനങ്ങളുൾപ്പെടെ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്.
ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 50 കിലോയും ഇക്കോണമി യാത്രക്കാർക്ക് 30 കിലോയും സാധനങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യം ഈ സർവിസുകൾക്കുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ ടെർമിനൽ ഈമാസം പ്രവർത്തനമാരംഭിക്കുമെന്ന് രോഹിത് രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.