ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാർ കുവൈത്തിൽ ഒത്തുകൂടിയപ്പോൾ
കുവൈത്ത് സിറ്റി: എല്ലാ വർഷവും ജനുവരി 20ന് ഗൾഫ് ടൂറിസം ദിനമായി ആഘോഷിക്കും. കുവൈത്തിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
ഗൾഫ് രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഒമ്പതാമത് യോഗമാണ് കുവൈത്തിൽ നടന്നത്. മേഖലയിലെ ടൂറിസം സഹകരണം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു. ജനുവരി 20 ഗൾഫ് ടൂറിസം ദിനമായി വർഷം തോറും ആഘോഷിക്കുമെന്നതാണ് പ്രധാന തീരുമാനം.
ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്ററാണ് ഗൾഫ് ടൂറിസം ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മേഖലയിലെ സാമ്പത്തിക, സാമൂഹിക വികസനത്തിൽ അതിന്റെ പങ്കിനെക്കുറിച്ചും അവബോധം വളർത്തുകയാണ് ലക്ഷ്യം.
എണ്ണ വരുമാനത്തെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ വിനോദ സഞ്ചാരം വളർത്താൻ ശ്രമിക്കുകയാണ് എല്ലാ ഗൾഫ് രാജ്യങ്ങളും. വിസ നിയമങ്ങൾ ലഘൂകരിച്ചും ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും അന്താരാഷ്ട്ര തലത്തിൽ പ്രചാരണം നടത്തിയും സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
ടൂറിസം വികസനത്തിൽ സ്വകാര്യ മേഖലക്ക് നിർണായക പങ്ക് നൽകുന്ന രീതിയിലാണ് ആസൂത്രണം. 2028ഓടെ പ്രതിവർഷം ഒരു ലക്ഷം വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് കുവൈത്ത് പദ്ധതി തയാറാക്കുന്നത്. 1.2 കോടി ദീനാർ ചെലവിലാണ് വൻ പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കുവൈത്തിന്റെ ടൂറിസം മേഖലയിൽനിന്നുള്ള വരുമാനം ജി.ഡി.പിയുടെ രണ്ട് ശതമാനം മാത്രമാണ്. ഇത് ഗണ്യമായി വർധിപ്പാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.