കുവൈത്ത് സിറ്റി: നിർമാണം പൂർത്തിയാക്കിയ ജാബിർ അൽ അഹ്മദ് ആശുപത്രി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാഷ്ട്രത്തിന് സമർപ്പിച്ചു. ബുധനാഴ്ച രാവിലെ പത്തുമണിക്ക് നടന്ന ചടങ്ങിൽ അമീർ ഉദ്ഘാടനം നിർവഹിച്ചെങ്കിലും അടുത്തയാഴ്ചയോടെയാണ് ആശുപത്രി ആദ്യഘട്ടം പ്രവർത്തനമാരംഭിക്കുക. കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കുവൈത്തിെൻറ ആരോഗ്യസേവന ചരിത്രത്തിൽ നാഴികക്കല്ലാണ് ജാബിർ ആശുപത്രി ഉദ്ഘാടനമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വിവിധ ഘട്ടങ്ങളിൽ നേരിട്ട വെല്ലുവിളികളെ അതിജീവിച്ച് ആശുപത്രി യാഥാർഥ്യമാക്കാൻ കഴിഞ്ഞത് അമീറിെൻറ കരുത്തുറ്റ നേതൃത്വവും നിരവധി പേരുടെ കഠിനാധ്വാനവും കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തുനിലകളുള്ള പ്രധാന കെട്ടിടം 2,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്. ആശുപത്രിയുടെ മൊത്തം വിസ്തീർണം 7,25,000 ചതുരശ്ര മീറ്ററാണ്. 1168 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യവും 36 ശസ്ത്രക്രിയാ മുറികളുമുണ്ട്. 50 ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുള്ള ആശുപത്രിയോടനുബന്ധിച്ച് ഹെലിപാഡും 5000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവും തയാറാക്കിയിട്ടുണ്ട്. മിശ്രിഫിലെ ജനൂബ് അൽ സുർറയിൽ 4.2 മില്യൻ ചതുരശ്ര മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി സ്വദേശികളുടെ ചികിത്സക്ക് മാത്രമായി നിർമിച്ചതാണ്. നിർമാണത്തിെൻറ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.